
ദില്ലി: മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാൻ കന്നിവോട്ടർമാരെ ആഹ്വാനം ചെയ്ത് വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് ജഗൻ മോഹൻ റെഡ്ഡി. പോളിംഗ് തുടങ്ങിയ ആദ്യമണിക്കൂറിൽ തന്നെ ജഗൻ മോഹൻ റെഡ്ഡി വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. ആദ്യമായി വോട്ട് ചെയ്യുന്നവർ ഭയമില്ലാതെ വോട്ട് രേഖപ്പെടുത്താനും റെഡ്ഡി പറഞ്ഞു. താൻ ആത്മവിശ്വാസത്തിലാണെന്നും ഇത്തവണം തീർച്ചയായും മാറ്റങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞതായി എൻഡിറ്റിവി റിപ്പോർട്ട് ചെയ്യുന്നു.
എനിക്ക് ആത്മവിശ്വാസമുണ്ട്. വളരെ നല്ല കാര്യങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ ഊഹിക്കുന്നു. പോളിംഗ് നന്നായി തന്നെ പോകുമെന്ന് കരുതുന്നു. എല്ലാ ജനങ്ങളും ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും എനിക്കറിയാം. അത് സംഭവിക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു - ജഗൻ മോഹൻ റെഡ്ഡി വിശദീകരിക്കുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിക്കോ കോൺഗ്രസിനോ ഭൂരിപക്ഷം ലഭിക്കുന്നതിനേക്കാൾ നല്ലത് തൂക്കുമന്ത്രിസഭയാണെന്നായിരുന്നു റെഡ്ഡിയുടെ അഭിപ്രായ പ്രകടനം.