ജേതാവായി ജഗ്ഗന്‍: ആന്ധ്രയുടെ നായകനാവാന്‍ വൈഎസ്ആറിന്‍റെ മകന്‍

By Web TeamFirst Published May 23, 2019, 8:18 PM IST
Highlights

ചന്ദ്രശേഖര റാവു നിറം മങ്ങുകയും ചന്ദ്രബാബു നായിഡു നിലംപരിശാവുകയും ചെയ്തതോടെ ദേശീയ രാഷ്ട്രീയത്തിൽ ഇനി വിശാല ആന്ധ്രയുടെ സ്വരം ജഗൻ മോഹൻ റെഡ്ഡിയായിരിക്കും.

ഹൈദരാബാദ്: ബിജെപി വിരുദ്ധമുന്നണി രൂപീകരിച്ച് മോദിയെ താഴെയിറക്കാന്‍ ശ്രമിച്ച ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ നിഷ്പ്രഭനാക്കിയാണ് ആന്ധ്ര പ്രദേശിൽ ജഗൻ മോഹൻ റെഡ്ഡി താരമായി മാറുന്നത്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ 24ലും ജഗന്‍റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നിലെത്തി. 

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. നേരത്തെ മുതല്‍ തന്നെ തെരഞ്ഞെടുപ്പ് സര്‍വ്വേകളും എക്സിറ്റ് പോളുകളും ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ മുന്നേറ്റം പ്രവചിച്ചിരുന്നു. ഒടുവില്‍ ഫലം വന്നപ്പോഴും അത്ഭുതപ്പെടാനൊന്നുമുണ്ടായില്ല പ്രതീക്ഷിച്ച പോലെ ജഗൻ മോഹൻ റെഡ്ഡി ആന്ധ്രയുടെ നായകനായി. കേന്ദ്രത്തിൽ ബദൽ സർക്കാരുണ്ടാക്കാൻ അധ്വാനിച്ച ചന്ദ്രബാബു നായിഡു സംസ്ഥാന രാഷ്ട്രീയത്തിൽ പോലും അപ്രസക്തനായി. 

ടിഡിപി കോട്ടകളെല്ലാം വൈെസ്ആർ കോൺഗ്രസിന്‍റെ മുന്നേറ്റത്തിൽ കടപുഴകി. ടിഡിപിയുടെ സ്വാധീനമേഖലകളായ ചിത്തൂർ, ഗുണ്ടൂർ, വിശാഖ പട്ടണം, വെസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെല്ലാം നേട്ടമുണ്ടാക്കിയത് വൈഎസ്ആർ കോൺഗ്രസാണ്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് നായിഡുവിനെതിരെയുണ്ടായത്. 

പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ജഗൻ മോഹൻ റെഡ്ഡി നടത്തിയ പ്രചാരണം ഫലം കണ്ടു. കാപ്പു, ഖമ്മ സമുദായങ്ങളുടെ  പിന്തുണ പ്രതീക്ഷിച്ച നായിഡുവിന് അത് കിട്ടിയതുമില്ല. പവൻ കല്യാണിന്‍റെ ജനസേന പിടിച്ചവോട്ടുകളും ടിഡിപിയുടെ വിധിയെഴുതി. ജഗൻ പ്രഭാവത്തിൽ ബിജെപിയുടെയും കോൺഗ്രസിന്‍റെയും പ്രതീക്ഷകളും അസ്ഥാനത്തായി. നിയസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ആകെയുള്ള 175 സീറ്റുകളില്‍ 144- ഇടത്തും ജഗന്‍റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതായാണ് വിവരം. ഭരണകക്ഷിയായ ടിഡിപി 30 സീറ്റുകളിലൊതുങ്ങി. 

ആന്ധ്രയ്ക്ക് ഇപ്പുറം തെലങ്കാനയില്‍ സംസ്ഥാനം തൂത്തുവാരാന്‍ ലക്ഷ്യമിട്ട ചന്ദ്രശേഖരറാവുവിന് അതിനായില്ല. കോണ്‍ഗ്രസും ബിജെപിയും ഇവിടെ നേട്ടമുണ്ടാക്കി. മിഷന്‍ 16 എന്ന പേരില്‍ സംസ്ഥാനത്തെ 16 ലോക്സഭാ സീറ്റുകളും ജയിച്ചു കയറുക എന്നതായിരുന്നു ചന്ദ്രശേഖരറാവുവിന്‍റെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യമിട്ടതിലും പകുതി സീറ്റുകള്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ റാവുവിന്‍റെ ടിആര്‍എസിന് ജയിക്കാനായുള്ളൂ. 

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ലീഡ് നേടിയ മണ്ഡലങ്ങളിൽ ടിആർഎസ് ഇക്കുറി പിന്നോട്ടുപോയി. നിലനിൽപ്പിന്‍റെ പോരാട്ടത്തിനിറങ്ങിയ കോൺഗ്രസ് സീറ്റ് കൂട്ടി. രണ്ടിൽ നിന്ന് നാലിലെത്തി. അപ്രതീക്ഷിത നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയ ബിജെപി നാല് ലോക്സഭാ സീറ്റുകളിൽ മുന്നിലെത്തി. നിസാമാബാദിൽ ചന്ദ്രശേഖര റാവുവിന്‍റെ മകൾ കെ കവിത ബിജെപിക്ക് പിന്നിലായി. സെക്കന്തരാബാദ്,അദിലാബാദ്,കരിംനഗർ മണ്ഡലങ്ങളും ബിജെപി പിടിച്ചു. 

സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളാണ് അപ്രതീക്ഷിത തിരിച്ചടിക്ക് കാരണമെന്ന് ടിആർഎസ് വിലയിരുത്തുന്നു. അതേ സമയം ഹൈദരാബാദിൽ മജ്‍ലിസ് പാർട്ടി അധ്യക്ഷൻ അസദ്ദുദ്ദീൻ ഒവൈസിക്ക് ഇത്തവണയും എതിരുണ്ടായില്ല. എന്തായാലും ചന്ദ്രശേഖര റാവു നിറം മങ്ങുകയും ചന്ദ്രബാബു നായിഡു നിലംപരിശാവുകയും ചെയ്തതോടെ ദേശീയ രാഷ്ട്രീയത്തിൽ ഇനി വിശാല ആന്ധ്രയുടെ സ്വരം ജഗൻ മോഹൻ റെഡ്ഡിയായിരിക്കും. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ മുഖമായും ജഗ്ഗനും ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ഇനി മാറും. 

click me!