
ദില്ലി: രാജീവ് ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് അരുണ്‍ ജെയ്റ്റലി. ട്വിറ്ററിലൂടെയാണ് ജെയ്റ്റ്‍ലി മോദിയെ അനുകൂലിച്ചത്. രാജീവ് ഗാന്ധിയുടെ സത്യസന്ധതയെക്കുറിച്ച് ചോദ്യം ഉയരുമ്പോള്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് ജെയ്റ്റ്‍ലി ചോദിച്ചു.
ഒട്ടോവിയോ ക്വാത്റോച്ചിക്ക് ബൊഫേഴ്സില്‍ കൈക്കൂലി ലഭിച്ചത് എന്തുകൊണ്ടാണ്?എന്താണ് ക്യൂ കണക്ഷന്‍? ഇതിന് മറുപടി ലഭിച്ചിട്ടില്ല- ജെയ്റ്റ്‍ലി ട്വിറ്ററില്‍ കുറിച്ചു. ഇന്ദിരാ ഗാന്ധിയും കൊല്ലപ്പെട്ടതാണ്. എങ്കിലും അടിയന്തരവസ്ഥയുടെയും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍റെയും പേരില്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ജെയ്‍റ്റ്ലി ഒരു സാമ്പത്തിക ശാസ്ത്രഞ്ജന്‍ രാഷ്ട്രീയക്കാരനാകുമ്പോള്‍ അദ്ദേഹത്തിന് സമ്പദ്‍ വ്യവസ്ഥയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ബോധം നഷ്ടപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.
രാജീവ് ഗാന്ധി നമ്പർ 1 ഭ്രഷ്ടാചാരി (അഴിമതിക്കാരൻ) ആയാണ് മരണമടഞ്ഞതെന്നായിരുന്നു മോദിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ മമതാ ബാനര്‍ജി, അരവിന്ദ് കെജ്‍രിവാള്‍, ശരദ് യാദവ് എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.