
ഹൈദരാബാദ്: 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ വിധി തേടുമെന്ന് പ്രഖ്യാപിച്ച് നടനും ജനസേനാ പാർട്ടി (ജെഎസ്‌പി) അധ്യക്ഷനുമായ പവൻ കല്യാൺ. പടിഞ്ഞാറൻ ഗോദാവരിയിലെ ഭീമാവരം, വിശാഖപട്ടണത്തെ ഗാജുവാക എന്നീ നിയോജക മണ്ഡലങ്ങളിലാണ് പവൻ കല്യാൺ മത്സരിക്കുക.
ആന്ധ്രപ്രദേശിലും തെലങ്കാനയിലും ജനസേന പാർട്ടിയും ബഹുജൻ സമാജ്‌പാർട്ടിയും (ബിഎസ്‌പി)യും തമ്മിൽ സഖ്യമായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഏപ്രിലിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ജനസേനാ പാർട്ടി മത്സരിക്കുന്നുണ്ട്. ആന്ധ്ര നിയമസഭയിലേക്കുള്ള 175 സീറ്റുകളിലും ലോക്സഭയിലേക്കുള്ള 25 സീറ്റുകളിലേക്കുമാണ് സഖ്യം മൽസരിക്കുക. നിലവിൽ ആന്ധ്രയിൽ സിപിഐ, സിപിഎം സഖ്യത്തിലാണ് ജെഎസ്‌പി.
പവൻ കല്യാണിന്റെ സഹോദരനും പ്രജാ രാജ്യം പാർട്ടി സ്ഥാപകനുമായ ചിരഞ്ജീവിയും 2009-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിച്ചിരുന്നു. പാലസോൾ, തിരുപ്പതി എന്നീ മണ്ഡലങ്ങളിലാണ് അദ്ദേഹം മത്സരിച്ചത്. ഇതിൽ തിരുപ്പതിയിൽ മാത്രമാണ് ചിരഞ്ജീവി ജയിച്ചത്.