'വിധേയൻ എന്നും വിധേയനായിരിക്കും', എന്ന് ജോസ് തെറ്റയിൽ; സീറ്റ് കിട്ടാത്തതിൽ പുകഞ്ഞ് ജെ‍ഡിഎസ്

By Web TeamFirst Published Mar 8, 2019, 7:42 PM IST
Highlights

സീറ്റ് കിട്ടാത്തതിലെ അതൃപ്തി ഇടത് മുന്നണി യോഗത്തിൽ അറിയിച്ചെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞപ്പോൾ, വിധേയൻ വിധേയനായി തുടരുമെന്നായിരുന്നു ജോസ് തെറ്റയിലിന്‍റെ മറുപടി. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ ജെഡിഎസ്സിൽ അതൃപ്തി പുകയുന്നു. വിജയസാധ്യതയുള്ള ഒരു സീറ്റ് ചോദിച്ചു വാങ്ങാത്തത് നേതൃത്വത്തിന്‍റെ പിടിപ്പുകേടാണെന്ന വിമർശനം തിരുവനന്തപുരത്ത് ചേർന്ന ജെഡിഎസ് യോഗത്തിൽ ഉയർന്നു.

എന്നാൽ സീറ്റ് തരാത്തതിലെ അതൃപ്തി എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ മറുപടി. 'വിധേയൻ എന്നും വിധേയനായിരിക്കു'മെന്ന് ഇതിനെ മുൻ മന്ത്രി ജോസ് തെറ്റയിൽ പരിഹസിച്ചു. എന്നാൽ ഫാസിസ്റ്റ് ശക്തികൾ അധികാരത്തിൽ വരാതിരിക്കാനുള്ള തീരുമാനമാണിതെന്നും ഇടത് മുന്നണിയെ പിന്തുണയ്ക്കുന്നുവെന്നും കൃഷ്ണൻ കുട്ടിയുടെ മറുപടി.

കോട്ടയം പോലെ വിജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്ന് സീറ്റ് വിഭജന ചർച്ചകളുടെ തുടക്കം മുതൽ തന്നെ ജെഡിഎസ് ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാൽ ആ ആവശ്യം പാടേ നിരാകരിക്കുകയായിരുന്നു ഇടത് മുന്നണി. ഒരു ഘട്ടത്തിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ നിർത്താൻ വരെ ജെഡിഎസ് ആലോചിച്ചിരുന്നു.

Read More: മുന്നണിയിലെ അവഗണനയിൽ പുകഞ്ഞ് ജെഡിഎസ്; സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ ഇറക്കിയേക്കും

കഴി‍ഞ്ഞ തവണകോട്ടയം സീറ്റ് തന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന വിശദീകരിച്ചാണ് ജെഡിഎസിൽ നിന്ന് സിപിഎം സീറ്റ് തിരിച്ചെടുത്തത്. എങ്കിൽ പകരം സീറ്റ് തരണമെന്ന് ഉഭയക്ഷി ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു. പക്ഷേ കിട്ടിയില്ല.

വടകര ആവശ്യപ്പെട്ട ലോക് താന്ത്രിക് ജനതാദളിനും നിരാശയായിരുന്നു ഫലം. സീറ്റ് പിടിച്ചെടുത്ത് അവിടെ പി ജയരാജനെയാണ് സിപിഎം മത്സരിപ്പിക്കുന്നത്.

ഘടകകക്ഷികൾക്ക് ഒരു അതൃപ്തിയുമില്ലെന്നും ബിജെപി ഉൾപ്പടെയുള്ള ഫാസിസ്റ്റ് ശക്തികളെ തോൽപിക്കാൻ യോജിച്ച് തീരുമാനമെടുക്കുകയായിരുന്നെന്നുമായിരുന്നു ഇടത് മുന്നണി യോഗത്തിന് ശേഷം കൺവീനർ എ വിജയരാഘവൻ അവകാശപ്പെട്ടത്. എന്നാൽ അവകാശപ്പെട്ട സീറ്റ് കിട്ടാത്തതിൽ എൽജെഡി, ജെഡിഎസ് ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് വ്യക്തമാണ്. ഇത് ശീലമാക്കരുതെന്ന് എൽജെഡി നേതാവ് എം വി ശ്രേയാംസ് കുമാർ ഇടതുമുന്നണി യോഗത്തിൽത്തന്നെ പറഞ്ഞതായാണ് സൂചന.

Read More: പൊന്നാനിയിൽ ലീഗിനെ തോൽപിക്കുന്ന സ്ഥാനാർഥി വരും, ഘടകകക്ഷികൾ തൃപ്തർ: എൽഡിഎഫ് കൺവീനർ

click me!