
കോട്ടയം: രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ പ്രതികരണവുമായി ജോസ് കെ മാണി. ഐക്യജനാധിപത്യമുന്നണി പ്രവത്തകർക്ക് മാത്രമല്ല, കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ആവേശവും അംഗീകാരവും അഭിമാനവുമാണെന്നായിരുന്നു ജോസ് കെ മാണിയുടെ ആദ്യപ്രതികരണം. ഇതൊരു ചരിത്രസംഭവമാണെന്നും ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി കേരളത്തിൽ നിന്ന് മത്സരിക്കുന്നു എന്നുള്ളത് കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ മൊത്തം പ്രവർത്തകർക്കും ആവേശമാകുമെന്നും ജോസ് കെ മാണി. കേരളത്തിലെ ഇരുപത് സീറ്റുകളിലും യുഡിഎഫിന് മുന്നേറ്റമുണ്ടാവുമെന്നും കോട്ടയം എംപി പറഞ്ഞു.
കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുലിന് സോണിയ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡിലും തിരക്കിട്ട ആലോചനകൾ നടക്കുന്നതായാണ് വിവരം. കേരളത്തിൽ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീരുമാനം രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയാണ് വെളിപ്പെടുത്തിയത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കും എന്ന വാർത്ത പുറത്തുവന്നതോടെ വയനാട്ടിൽ പ്രചാരണം തുടങ്ങിയ ടി സിദ്ദിഖ് പ്രചാരണം അവസാനിപ്പിച്ച്, രാഹുൽ ഗാന്ധിയുടെ പ്രചാരണ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. രാഹുൽ വരുന്നതോടെ കേരളം യുഡിഎഫ് തൂത്തുവാരുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി നേതൃത്വവുമായും കേരളത്തിലെ മുസ്ലീം ലീഗ് നേതൃത്വവുമായും എ കെ ആന്‍റണിയും കെ സി വേണുഗോപാലും രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആശയവിനിമയം നടത്തി.