മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് സി എസ് കർണ്ണൻ

By Web TeamFirst Published Mar 30, 2019, 3:57 PM IST
Highlights

നരേന്ദ്രമോദി ഭരണം തികഞ്ഞ പരാജയമാണെന്നും അതുകൊണ്ടാണ് പുതിയ പാര്‍ട്ടി രൂപീകരിച്ച് മോദിക്കെതിരെ മത്സരിക്കുന്നതെന്നും ജസ്റ്റിസ് കർണ്ണൻ പറയുന്നു.

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ സെന്‍ഡ്രലിന് പുറമേ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് സി എസ് കര്‍ണന്‍. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ച് നീക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ജസ്റ്റിസ് കർണ്ണൻ പറഞ്ഞു. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസിൽ ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ച ന്യായാധിപനാണ് ജസ്റ്റിസ് കർണ്ണൻ. മോദി ഭരണം സമ്പൂർണ്ണ പരാജയമാണെന്ന് വിലയിരുത്തുന്ന ജസ്റ്റിസ് കർണ്ണൻ അഴിമതിയക്കൊപ്പം ദളിത് സമൂഹം നേരിടുന്ന പ്രതിസന്ധികളും പ്രചാരണ വിഷയമാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജസ്റ്റിസ് കർണ്ണൻ തന്നെ രൂപീകരിച്ച ആന്‍റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. നിലവില്‍ ഒരു പാര്‍ട്ടിയുമായും ജസ്റ്റിസ് കർണ്ണന്‍റെ പാർട്ടി സഖ്യത്തിനില്ല. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലേയും മുപ്പത്തിയഞ്ച് മണ്ഡലങ്ങളില്‍ ആന്‍റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. ജസ്റ്റിസ് കർണ്ണന്‍റെ പാർട്ടിക്ക് ദേശീയ പാര്‍ട്ടി പദവിയും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരും നിയമസംവിധാനങ്ങളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ് നിലനിൽക്കുന്നതെന്ന് ജസ്റ്റിസ് കർണ്ണൻ പറയുന്നു. അഴിമതിക്കെതിരെ ഇപ്പോള്‍ സംസാരിക്കുന്ന രാഹുല്‍ഗാന്ധിയും തനിക്ക് വേണ്ടി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് പരാതിയുണ്ട്. അതുകൊണ്ടാണ് ഇനിയുള്ള പോരാട്ടം തെരഞ്ഞെടുപ്പ് ഗോദയിലാകാമെന്ന് തീരുമാനിച്ചതെന്നും ജസ്റ്റിസ് കർണ്ണൻ പറഞ്ഞു.

നരേന്ദ്രമോദി ഭരണം തികഞ്ഞ പരാജയമാണെന്നും അതുകൊണ്ടാണ് പുതിയ പാര്‍ട്ടി രൂപീകരിച്ച് മോദിക്കെതിരെ മത്സരിക്കുന്നതെന്നും ജസ്റ്റിസ് കർണ്ണൻ പറയുന്നു. ചെന്നൈ സെന്‍ഡ്രലില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ജസ്റ്റിസ് കര്‍ണന്‍ ഉടൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വാരാണസിയിലേക്ക് പുറപ്പെടുമെന്ന് അറിയിച്ചു. സുപ്രീം കോടതിയിലേയെും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ക്ക് എതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുഖജീവിതം മാത്രമാണ് ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും പല ന്യായാധിപരുടേയും ലക്ഷ്യമെന്ന് കർണ്ണൻ ആരോപിക്കുന്നു. ആന്‍റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി വിജയിച്ചാല്‍ അഴിമതിക്കാരായ ന്യായാധിപരുടെ പക്കലുള്ള പത്ത് ലക്ഷം കോടി രൂപയെങ്കിലും പുറത്ത് കൊണ്ടുവരുമെന്നാണ് ജസ്റ്റിസ് സി എസ് കർണ്ണന്‍റെ അവകാശവാദം.

click me!