ജോസഫിനെ ഒഴിവാക്കിയത് പ്രവര്‍ത്തകരുടെ വികാരം മാനിച്ച്; ചാഴിക്കാടൻ മികച്ച സ്ഥാനാര്‍ത്ഥിയെന്ന് മാണി

By Web TeamFirst Published Mar 11, 2019, 10:50 PM IST
Highlights

പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ജോസഫിനെ ഒഴിവാക്കിയതെന്ന് കെ എം മാണി. വികാരപരമായി തീരുമാനമെടുക്കുന്ന ആളല്ല പിജെ ജോസഫ് എന്നും കെ എം മാണി

കോട്ടയം: കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിശദീകരണവുമായി കെ എം മാണി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് പി ജെ ജോസഫിനെ ഒഴിവാക്കി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കെഎം മാണി മാധ്യ മപ്രവര്‍ത്തകരോട് വിശദീകരിച്ചു. മണ്ഡലത്തിന് പുറത്ത് നിന്ന് ഒരാൾ വന്നാൽ വിജയ സാധ്യതയില്ലെന്ന് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന്  മാണി വിശദീകരിച്ചു. 

വികാരപരമായി തീരുമാനമെടുക്കുന്ന ആളല്ല പിജെ ജോസഫ്. പാര്‍ട്ടിയുടെ ആരാധ്യനായ നേതാവാണ് ജോസഫെന്നും കെഎം മാണി പറഞ്ഞു. പാര്‍ട്ടി തീരുമാനം ജോസഫ് ഉൾക്കൊള്ളുമെന്ന് കരുതുന്നു. പ്രശ്നങ്ങലെല്ലാം രമ്യമായി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും കെ എം മാണി പാലായിലെ വീട്ടിൽ മാധ്യമപ്രവര്‍ത്തകരെ കണ്ട് പറഞ്ഞു.

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പി ജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി കെ എം മാണി പ്രഖ്യാപിച്ചത്. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കുന്ന പ്രഖ്യാപനം. ജോസഫ് വിഭാഗത്തിന്‍റെ എതിര്‍പ്പ് മറികടന്നായിരുന്നു പ്രഖ്യാപനം.

ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. വര്‍ക്കിംഗ് പ്രസിഡന്‍റായ പി ജെ ജോസഫ് മത്സരിക്കണമെന്നാവശ്യം മുന്നോട്ട് വച്ചിട്ടും ഇതിനെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടും ഇതെല്ലാം മറികടന്നാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്താക്കുറിപ്പിന് പിന്നാലെ ജോസഫ് വിഭാഗം തൊടുപുഴയില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. തന്നെ തള്ളി തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടെന്നായിരുന്നു യോഗത്തിനുശേഷമുള്ള പി ജെ ജോസഫിന്‍റെ പ്രതികരിച്ചു. തങ്ങളുടെ അഭിപ്രായം അവഗണിച്ചാണ് തീരുമാനമെടുത്തതെന്നും യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ജോസഫ് പറഞ്ഞു.

Also Read: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ കടുത്ത അമര്‍ഷമെന്ന് ജോസഫ്; തുടര്‍ നീക്കം യുഡിഎഫ് നേതാക്കളോട് ആലോചിച്ച് 

 

click me!