ബാബറി മസ്ജിദിനെപ്പറ്റി പറയാം, ശബരിമലയെക്കുറിച്ച് മിണ്ടരുത്; ഇത് ഇരട്ടത്താപ്പെന്ന് കെ സുരേന്ദ്രന്‍

By Web TeamFirst Published Mar 12, 2019, 8:39 PM IST
Highlights

കണ്ണൂര്‍ , കാസര്‍കോഡ്  ജില്ലകളില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ടും ബൂത്ത് പിടുത്തവും സാധാരണമാണ്. അവിടെ ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ ശബരിമല ചര്‍ച്ച ചെയ്യരുതെന്ന് ആവശ്യപ്പെടുന്നതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെ സുരേന്ദ്രന്‍. ശബരിമലയെക്കുറിച്ച്  പറയരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആരാണ് അധികാരം നല്‍കിയതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. കമ്മീഷന്‍ അമിതാധികാരം പ്രയോഗിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചട്ടത്തില്‍ ആവശ്യപ്പെടുന്നത്  ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല, പരനിന്ദ പാടില്ല എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണുള്ളത് അല്ലാതെ ഒരു വിഷയം ചര്‍ച്ച ചെയ്യരുതെന്നല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

ഏതെങ്കിലും ഒരു വിഷയം ചര്‍ച്ചയായിക്കൂടായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ പറയാന്‍ സാധിക്കും. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. ബാബറി മസ്ജിദിനെക്കുറിച്ച് പറയാം എന്നാല്‍ ശബരിമലയെക്കുറിച്ച് പറയാന്‍ പാടില്ലയെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നത്. 

സുപ്രീം കോടതി വിധിയെ മാനിക്കുന്നു. എന്നാല്‍ വിധിയുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന് എങ്ങനെ പറയാന്‍ സാധിക്കും.  ഭാഗം പിടിച്ചുള്ള നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഉള്ളില്‍ നിന്ന് ഏത് വിഷയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പറ്റണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ , കാസര്‍കോഡ്  ജില്ലകളില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ടും ബൂത്ത് പിടുത്തവും സാധാരണമാണ്. അവിടെ ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ ശബരിമല ചര്‍ച്ച ചെയ്യരുതെന്ന് ആവശ്യപ്പെടുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതും കോണ്‍ഗ്രസ് പശുവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രശ്നമൊന്നുമില്ല, ശബരിമല മാത്രമാണ് പ്രശ്നമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 
 

click me!