
പത്തനംതിട്ട: വലിയ ഭൂരിപക്ഷം നേടി ദേശീയ ജനാധിപത്യ സഖ്യം പത്തനംതിട്ടയിൽ വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ശബരിമലയുടെ കാര്യത്തിൽ ബിജെപി എടുത്ത നിലപാടിനുള്ള അംഗീകാരമാകും പത്തനംതിട്ടയിലെ വിജയം. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയുള്ള പിന്തുണയാണ് തനിക്ക് മണ്ഡലത്തിൽ ലഭിക്കുന്നത്. വിശ്വാസത്തിനൊപ്പം വികസനവും തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായെന്നും സുരേന്ദ്രൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയോജക മണ്ഡലങ്ങളിൽ നിന്ന് നേടിയ വോട്ടുകളെ അപേക്ഷിച്ച് ത്രികോണ മത്സരത്തിൽ ജയിച്ചുകയറാനുള്ള മൂന്ന് ലക്ഷത്തോളം വോട്ടുകൾ ബിജെപി നേടുമോ എന്ന എതിരാളികളുടേയും മാധ്യമങ്ങളുടേയും സംശയങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം മറുപടി നൽകും. എല്ലാ കണക്കുകൂട്ടലുകളേയും തകർക്കുന്ന ഭൂരിപക്ഷമായിരിക്കും എൻഡിഎ പത്തനംതിട്ടയിൽ നേടുകയെന്നും സുരേന്ദ്രൻ പറഞ്ഞു.