പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിയുടെ ബൂത്തിൽ ലീഡ് കെ സുരേന്ദ്രന്; സ്വന്തം ബൂത്തിൽ വീണ രണ്ടാമത്

By Web TeamFirst Published May 25, 2019, 10:46 AM IST
Highlights

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാറും മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ ശിവദാസൻ നായരും വോട്ട് ചെയ്ത ബൂത്തിൽ എൽഡിഎഫും യുഡിഎഫും രണ്ടക്കത്തിൽ ഒതുങ്ങിയപ്പോൾ എൻഡിഎ നേടിയത് വൻ ലീഡാണ്. 

പത്തനംതിട്ട: ശബരിമല വിവാദമടക്കം നിര്‍ണ്ണായകമായ പത്തനംതിട്ട മണ്ഡലത്തിൽ മൂന്നാം വട്ടവും വിജയക്കൊടി പാറിച്ച ആന്‍റോ ആന്‍റണിയുടെ ബൂത്തിൽ വോട്ട് കണക്കിൽ ലീഡ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്. പത്തനംതിട്ട കാത്തോലിക്കേറ്റ് സ്കൂളിലെ ബൂത്തിൽ ആന്‍റോ ആന്‍റണി മൂന്നാം സ്ഥാനത്താണ്. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ 287 വോട്ട് പിടിച്ചപ്പോൾ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന് 145 വോട്ട് ഉണ്ട്. സ്വന്തം വോട്ടടക്കം ആന്‍റോ ആന്‍റണിക്ക് കിട്ടിയത് 110 വോട്ട് മാത്രം. 

സ്വന്തം ബൂത്തിൽ പതറിയവരുടെ കൂട്ടത്തിൽ വീണാ ജോര്‍ജ്ജുമുണ്ട്. ആനപ്പാറ സര്‍ക്കാര്‍ എൽപി സ്കൂളിലെ ബൂത്തിൽ വോട്ടിട്ട വീണയെ ലീഡ് കണക്കിൽ ആന്‍റോ വെട്ടി. 467 വോട്ട് ആന്‍റോ ആന്‍റണി പിടിച്ചപ്പോൾ വീണയ്ക്ക് കിട്ടയത് 348 വോട്ട് മാത്രമാണ്. കെ സുരേന്ദ്രന് അവിടെ 51 വോട്ടെ ഉള്ളു. 

ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിന്‍റെ ബൂത്തിൽ വീണയാണ് മുന്നിൽ. കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ ഇടത്തറ സെന്‍റ് തോമസ് യുപി സ്കൂളിലെ  ബൂത്തിൽ ആന്‍റോ ആന്‍റണിക്ക് കിട്ടിയത് 171 വോട്ട്  വീണ പിടിച്ചത് 251 വോട്ട്  സുരേന്ദ്രന് കിട്ടിയത് 152 വോട്ട്. 

എംഎൽഎമാരും ലോക്സഭാ സ്ഥാനാര്‍ത്ഥികളുമായ അടൂര്‍ പ്രകാശിന്‍റെയും ചിറ്റയം ഗോപകുമാറിന്‍റെയും ബൂത്തിൽ വോട്ട് കണക്കിൽ മുന്നിൽ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാറും മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ ശിവദാസൻ നായരും വോട്ട് ചെയ്ത ബൂത്തിൽ എൽഡിഎഫും യുഡിഎഫും രണ്ടക്കത്തിൽ ഒതുങ്ങിയപ്പോൾ എൻഡിഎക്ക് വൻ ലീഡാണ് നേടാനായത്. 

click me!