
ദില്ലി: രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‍ജ്യോത് സിങ് സിദ്ദു വാക്ക് പാലിക്കണെമെന്ന് സോഷ്യല്‍ മീഡിയ. കോണ്‍ഗ്രസ് കുത്തകയായിരുന്ന അമേഠിയില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് സിദ്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് ട്വിറ്ററില്‍ പ്രതിഷേധമുയരുന്നത്.
എതിരാളിയായ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെടുകയാണെങ്കില്‍ രാജി വയ്ക്കുമെന്ന് ഏപ്രിലില്‍ സിദ്ദു പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ സിദ്ദുവിനെതിരെ ട്രോളുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. #SidhuQuitPolitics എന്ന ഹാഷ് ടാഗിലാണ് സിദ്ദുവെതിരെയുള്ള പ്രതിഷേധങ്ങള്‍.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ 55120 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് മലര്‍ത്തിയടിച്ചാണ് സ്മൃതി കരുത്ത് തെളിയിച്ചത്. സ്മൃതി ഇറാനി നേടിയത് 468514 വോട്ടാണ്. അതായത് ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 49.7 ശതമാനം വോട്ട്. രാഹുല്‍ ഗാന്ധി നേടിയത് 4,13,394 വോട്ടാണ് 43.9 ശതമാനം വരും ഇത്. എസ്പി - ബിഎസ്പി സഖ്യത്തിന്‍റെ പിന്തുണയുണ്ടായിട്ടും തട്ടകം കാക്കാൻ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല.