
പത്തനംതിട്ട: അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആയതോടെ പത്തനംതിട്ടയിൽ പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍ നൽകിയത് ആവേശ്വോജ്വല സ്വീകരണം. കേരളാ എക്സ്പ്രസിൽ കൊച്ചിയിൽ നിന്ന് കയറി തിരുവല്ല സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോൾ കെ സുരേന്ദ്രനെ എതിരേറ്റത് സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരുടെ ആവേശമാണ്. പന്ത്രണ്ടരയോടെ സ്റ്റേഷന് പുറത്തിറങ്ങിയ കെ സുരേന്ദ്രൻ റോഡ് ഷോ നടത്തി പ്രചാരണത്തിനും തുടക്കമിട്ടു.
തിരുവല്ല മണ്ഡലം ഭാരവാഹികളുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തിയ സുരേന്ദ്രൻ ബിജെപി കോര്‍ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. മറ്റന്നാൾ പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന എൻഡിഎ കൺവൻഷനോടെയാണ് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകുക. സാമൂദായിക നേതാക്കളെ കണ്ട ശേഷം മണ്ഡലം കൺവെൻഷനുകളും നടത്തി വോട്ടര്‍മാരിലേക്കിറങ്ങാനാണ് സ്ഥാനാര്‍ത്ഥിയുടെ തീരുമാനം.