വോട്ടെടുപ്പ് ആഘോഷിച്ച് കണ്ണൂരും വയനാടും, മന്ദഗതിയില്‍ പൊന്നാനി

By Web TeamFirst Published Apr 23, 2019, 4:55 PM IST
Highlights

മധ്യകേരളത്തില്‍ ചാലക്കുടിയിലും കോട്ടയത്തും നല്ല രീതിയില്‍ പോളിംഗ് പുരോഗമിക്കുമ്പോള്‍ തെക്കന്‍ കേരളത്തില്‍ കൊല്ലത്തും പത്തനംതിട്ടയിലുമാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വാശിയോടെ വോട്ടു ചെയ്ത് കണ്ണൂരുകാര്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്ത കണ്ണൂര്‍ മണ്ഡലത്തില്‍ വൈകുന്നേരം 4.40-ഓടെ പോളിംഗ് ശതമാനം 70 കടന്നു. കണ്ണൂരിനോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍ഗോഡും വയനാടും പിന്നെ പാലക്കാടും ഇതേ വാശിയോടെ വോട്ടു ചെയ്തു. 

മധ്യകേരളത്തില്‍ ചാലക്കുടിയിലും കോട്ടയത്തും നല്ല രീതിയില്‍ പോളിംഗ് പുരോഗമിക്കുമ്പോള്‍ തെക്കന്‍ കേരളത്തില്‍ കൊല്ലത്തും പത്തനംതിട്ടയിലുമാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം മലപ്പുറം, പാലക്കാട് ജില്ലകളുടെ ഭാഗമായ പൊന്നാനി പോളിംഗില്‍ പിന്നോക്കം പോയി. സംസ്ഥാനത്ത് ഏറ്റവും അവസാനം അറുപത് ശതമാനം പോളിംഗ് തികച്ച മണ്ഡലമാണ് പൊന്നാനി. 

യുഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന വയനാട്ടില്‍ അ‍ഞ്ച് മണിയ്ക്ക് മുന്‍പ് തന്നെ പത്ത് ലക്ഷം വോട്ടുകളെങ്കിലും പോള്‍ ചെയ്യും എന്നുറപ്പായിട്ടുണ്ട്. പതിമൂന്നര ലക്ഷം വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. 2.61 കോടി ആളുകളാണ് കേരളത്തിലെ വോട്ടര്‍പട്ടികയിലുള്ളത് ഇതില്‍ 1.67 കോടി ആളുകളും വൈകുന്നേരം നാല് മണിക്ക് മുന്‍പേ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. 

click me!