വേണ്ടിവന്നാൽ ബിജെപിയിൽ ചേരുമെന്ന് കർണ്ണാടകത്തിലെ കോൺഗ്രസ് നേതാവ്

By Web TeamFirst Published May 21, 2019, 10:56 AM IST
Highlights

"എൻഡിഎ അധികാരത്തിൽ വരികയാണെങ്കിൽ മുസ്ലിങ്ങൾ എൻഡിഎയോട് സഹകരിക്കാൻ തയ്യാറാകണം," എന്നും റോഷൻ ബൈഗ്

ബെംഗലുരു: എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായതിന് പിന്നാലെ കർണ്ണാടകത്തിൽ നേതാക്കൾ കോൺഗ്രസ് വിടാനൊരുങ്ങുന്നുവെന്ന സൂചനകൾ ശക്തമായി. എൻഡിഎയിലേക്ക് പോകുമെന്ന സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാവായ റോഷൻ ബൈഗ് മുസ്ലിങ്ങളോട് എൻഡിഎയുമായി സഹകരിക്കാനും അവർക്ക് കൈകൊടുക്കാനും തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു.

ബെംഗലുരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "എൻഡിഎ അധികാരത്തിൽ വരികയാണെങ്കിൽ, ഒരാവശ്യം വന്നാൽ മുസ്ലിങ്ങൾ എൻഡിഎയോട് സഹകരിക്കാനും അവർക്ക് കൈകൊടുക്കാനും തയ്യാറാകണം," എന്നാണ് കർണ്ണാടകത്തിലെ മുതിർന്ന നേതാവായ റോഷൻ ബൈഗിന്റെ ആവശ്യം.

സംസ്ഥാനത്ത് കോൺഗ്രസ് ഒരേയൊരു മുസ്ലിം സ്ഥാനാർത്ഥിക്ക് മാത്രമാണ് സീറ്റ് നൽകിയതെന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരൊറ്റ പാർട്ടിയോട് മാത്രം കൂറുപുലർത്തേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം വേണ്ടിവന്നാൽ ബിജെപിയിൽ ചേരുമെന്നും വ്യക്തമാക്കി. "ആത്മാഭിമാനത്തോടെ ജീവിക്കുന്നവരാണ് ഞങ്ങൾ. ഇരിക്കുന്ന സ്ഥലത്ത് അത് കിട്ടുന്നില്ലെന്ന് ഉറപ്പായാൽ പിന്നെ സ്നേഹവും കരുതലും കിട്ടുന്ന മറ്റൊരിടത്തേക്ക് പോകും," അദ്ദേഹം പറഞ്ഞു.

തെറ്റായ പോൾ കാംപെയ്നാണ് സംസ്ഥാനത്ത് നടന്നതെന്നും കോൺഗ്രസ് ദയനീയമായി പരാജയപ്പെടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

click me!