വോട്ടിങ് യന്ത്രം കടത്താൻ ശ്രമിച്ചെന്ന് സഖ്യ സ്ഥാനാർത്ഥി; യുപിയില്‍ രാത്രിയിലും കുത്തിയിരിപ്പ് സമരം

By Web TeamFirst Published May 21, 2019, 10:25 AM IST
Highlights

ഉത്തർപ്രദേശിലെ മിർസാപൂരിലെ എസ്പി-ബിഎസ്പി സ്ഥാനാർത്ഥിയായ അഫ്സൽ അൻസാരിയാണ് സ്ട്രോങ്റൂമിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. 

മിർസാപൂർ: പോളിങ് ബൂത്തിലെ സ്ട്രോങ്റൂമിൽനിന്ന് വോട്ടിങ് യന്ത്രം കടത്താൻ ശ്രമം നടത്തിയെന്നാരോപിച്ച് സമാജ്‍വാദി പാർട്ടി-ബഹുജൻ സമാജ്‍‍വാദി പാർട്ടി സ്ഥാനാർത്ഥി കുത്തിയിരിപ്പ് സമരം നടത്തി. ഉത്തർപ്രദേശിലെ മിർസാപൂരിലെ എസ്പി-ബിഎസ്പി സ്ഥാനാർത്ഥിയായ അഫ്സൽ അൻസാരിയാണ് സ്ട്രോങ്റൂമിന് മുന്നിൽ പാതിരാത്രിവരെ കുത്തിയിരിപ്പ് സമരം നടത്തിയത്. സമാജ്‍വാദി പാർട്ടി എംഎൽഎ വീരേന്ദ്ര യാദവ്, ബിഎസ്പി എംപി ത്രിവേണി രാം എന്നിവരും അഫ്സൽ അൻസാരിക്ക് പിന്തുണണയുമായി സമരത്തിൽ‌ പങ്കെടുത്തു. 

ഒരു വാഹനം നിറയെ വോട്ടിങ് യന്ത്രം കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് അൻസാരിയും പാർട്ടി പ്രവർത്തകരും പൊലീസ് ഉദ്യോ​ഗസ്ഥരുമായി തർക്കത്തിലാകുന്ന വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. സ്ഥലത്തുനിന്ന് പിരിഞ്ഞു പോകാൻ അൻസാരിയോട് പൊലീസ് ആവശ്യപ്പെട്ടുന്നതും വീഡിയോയിൽ കാണാം. അതേസമയം അൻസാരിയുടെ ആരോപണ​ങ്ങൾ പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരും തള്ളിക്കളഞ്ഞു. ഉത്തർപ്രദേശിനെ ഞെട്ടിച്ച ​ഗ്യാങ്സാറ്ററും പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയും ചെയ്ത മുക്താർ അൻസാരിയുടെ സഹോദരനാണ് അഫ്സൽ അൻസാരി.   

ഉത്തർപ്രദേശിൽ ബിജെപിയെ നിലത്തിറക്കാനാണ് എസ്പി-ബിഎസ്പി സഖ്യം രൂപീകരിച്ചത്. എന്നാൽ ഉത്തർപ്രദേശിനെക്കുറിച്ചുള്ള എക്സിറ്റ് പോൾ സർവേ ഫലങ്ങൾ വളരെ വിചിത്രമാണ്. ഇക്കുറി ഉത്തർപ്രദേശിൽ മഹാസഖ്യം വൻ നേട്ടമുണ്ടാക്കുമെന്ന് ഒരു വിഭാഗം എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുമ്പോൾ വൻ തിരിച്ചടി നേരിടാതെ ബിജെപി പിടിച്ചുനിൽക്കുമെന്ന് ചില സർവേകൾ പറയുന്നു. അതേസമയം ബിജെപിക്ക് കാര്യമായ യാതൊരു ക്ഷീണവും ഉത്തർപ്രദേശിൽ ഉണ്ടാകില്ലെന്ന് പ്രവചിക്കുന്ന ഒന്നുരണ്ട് എക്സിറ്റ് പോൾ ഫലങ്ങളെങ്കിലും ഉണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

click me!