കേബിള്‍ ചാര്‍ജ് 100 രൂപയാക്കും; ടിവി സീരിയല്‍ കഥകളുമായി ശിവഗംഗയില്‍ കാര്‍ത്തിയുടെ പ്രചാരണം

By Web TeamFirst Published Apr 5, 2019, 6:54 PM IST
Highlights

ഐഎന്‍എക്സ് മീഡിയയും എയര്‍സെല്‍ മാക്സിസും അടക്കം കടുകട്ടി വിഷയങ്ങളുമായുള്ള ബിജെപി പ്രചാരണത്തിനിടെയാണ് തമിഴ് മെഗാസീരിയലുകള്‍ വിഷയമാക്കി ജൂനിയര്‍ ചിദംബരത്തിന്‍റെ പ്രചാരണം

ശിവഗംഗ: സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിട്ട് ടി വി സീരിയല്‍ കഥകളുമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാര്‍ത്തി ചിദംബരം ശിവഗംഗയില്‍ വോട്ട് തേടുന്നത്. സീരിയല്‍ എപ്പിസോഡുകള്‍ നഷ്ടമാവാതിരിക്കാന്‍ കേബിള്‍ ടിവി നിരക്ക് കുത്തനെ കുറയ്ക്കുമെന്നാണ് പ്രധാന വാഗ്ദാനം.

ഐഎന്‍എക്സ് മീഡിയയും എയര്‍സെല്‍ മാക്സിസും അടക്കം കടുകട്ടി വിഷയങ്ങളുമായുള്ള ബിജെപി പ്രചാരണത്തിനിടെയാണ് തമിഴ് മെഗാസീരിയലുകള്‍ വിഷയമാക്കി ജൂനിയര്‍ ചിദംബരത്തിന്‍റെ പ്രചാരണം. പ്രചാരണത്തിന്    കുറഞ്ഞത് നാല് സ്ത്രീകള്‍ എത്തിയാല്‍ പിന്നെ പ്രസംഗവിഷയം ചെമ്പരത്തിയും, കല്ല്യാണ വീട് സീരിയലും, ലക്ഷ്മി സ്റ്റോറും ഒക്കെയാണ്. 

തൊട്ട് പിന്നാലെ വനജയും പാര്‍വ്വതിയുമൊക്കെ മുഖ്യപ്രശ്നങ്ങളാകും. തമിഴിലെ ഹിറ്റ് സീരിയല്‍ ചെമ്പരത്തിയിലെ നായകന്‍റെ പേരും കാര്‍ത്തിയെന്നാണ്. ശിവഗംഗയിലും തന്നെ നായകനാക്കണമെന്നാണ് കാര്‍ത്തിയുടെ അഭ്യര്‍ത്ഥന. നാനൂറിന് മുകളിലായ കേബിള്‍ ചാര്‍ജ് നൂറ് രൂപയില്‍ പിടിച്ച് നിര്‍ത്തുമെന്നാണ് കാര്‍ത്തിയുടെ വാഗ്ദാനം.

വോട്ട് ചോദിച്ചുള്ള കവലപ്രസംഗങ്ങളില്‍ കാര്‍ത്തിയുടെ ശബ്ദത്തിന് മാറ്റൊലി കൂടുതലെന്നാണ് സ്ത്രീകളുടെ അഭിപ്രായം. അച്ഛന്‍ ചിദംബരത്തേക്കാള്‍ മുമ്പേ നരവീണ മുടിയുമായി വോട്ട് തേടുന്ന കാര്‍ത്തിക്ക് കണ്ണീര്‍സീരിയല്‍ പ്രേമികള്‍ കൈയ്യടിക്കുമോ എന്ന് കണ്ടറിയാം.
 

click me!