കെസിആറിന്‍റെ ലക്ഷ്യം ഉപപ്രധാനമന്ത്രിപദം? കോൺഗ്രസുമായുള്ള സഖ്യം തള്ളിപ്പറയില്ലെന്ന് സൂചന

By Web TeamFirst Published May 13, 2019, 11:21 PM IST
Highlights

പ്രാദേശികപാർട്ടികൾ ഒന്നിച്ചെത്തി സമ്മർദ്ദശക്തിയായി മുന്നോട്ടുപോകണം എന്ന ആവശ്യമാണ് കെസിആർ സ്റ്റാലിനുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടു വച്ചത്. അതിന് കേന്ദ്രമന്ത്രിപദം മാത്രം പോരാ. കൂടുതൽ ശക്തിയുള്ള പദവി വേണം. 

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, പ്രാദേശികനേതാക്കളുമായി തുട‍ർച്ചയായി ചർച്ചകൾ നടത്തുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ദേശീയ രാഷ്ട്രീയത്തിൽ, കേന്ദ്രമന്ത്രിപദം പോലുള്ള സാധാരണ പദവികളല്ലാതെ സുപ്രധാന പദവി തന്നെ ലക്ഷ്യമിട്ടാണ് റാവു മുന്നോട്ടുപോകുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. തൂക്ക് സഭ വന്നാൽ ഉപപ്രധാനമന്ത്രി പദമാണ് കെസിആറിന്‍റെ ലക്ഷ്യമെന്നാണ് സൂചന. 

പ്രാദേശികപാർട്ടികൾ ദേശീയതലത്തിൽ സമ്മർദ്ദശക്തിയായി ഉയർന്നുവരണമെന്നും അധികാരത്തിൽ കൂടുതൽ ഉയർന്ന പദവികൾ തേടണമെന്നും കെസിആർ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടെന്നാണ് സൂചന. കേന്ദ്രമന്ത്രിപദം മാത്രം പോരാ, അതിലുമുയർന്ന പദവികൾ പ്രാദേശിക പാർട്ടികൾക്ക് ലഭിക്കണമെന്നും, സംസ്ഥാനങ്ങളുടെ അധികാരവികേന്ദ്രീകരണം ഉറപ്പാക്കാൻ നയപരമായ കാര്യങ്ങളിലും ഗവർണർമാരുടെ നിയമനത്തിലും ഉൾപ്പടെ പ്രാദേശികപാർട്ടികൾക്ക് നിർണയാധികാരം വേണമെന്നും കെസിആർ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ രാഹുൽ ഗാന്ധി തന്നെയാകണം പ്രധാനമന്ത്രി എന്ന നിലപാടിൽ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഉറച്ചു നിന്നു. ഒരിക്കൽ ബിജെപിയെ പാർലമെന്‍റിൽ പിന്തുണച്ചിട്ടുള്ള കെസിആർ കോൺഗ്രസുമായുള്ള സഖ്യം എഴുതിത്തള്ളുന്നില്ല എന്നതാണ് ശ്രദ്ധേയം. തൂക്ക് സഭ വരികയാണെങ്കിൽ പ്രാദേശിക പാർട്ടികൾക്ക് നിർണായക ശക്തിയുണ്ടാകുമെന്ന കെസിആർ കണക്കുകൂട്ടുന്നു. ഇതുവരെ കോൺഗ്രസുമായി നേരിട്ടൊരു തുറന്ന ചർച്ചയ്ക്ക് കെസിആർ തയ്യാറായിട്ടില്ല. അതിന് ഇനി തയ്യാറാകുമോ എന്നത് കണ്ടറിയണം.

രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി വിരുദ്ധ പ്രതിപക്ഷസഖ്യത്തിൽ നിന്ന് ആദ്യം ആവശ്യപ്പെട്ട നേതാക്കളിൽ ഒരാൾ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനാണ്. ആ നിലപാട് കെസിആറിനോടും സ്റ്റാലിൻ ആവർത്തിച്ചു. ഇത് പരിഗണിക്കാമെന്ന് തന്നെയാണ് കെസിആ‌റിന്‍റെ നിലപാടെന്നാണ് സൂചന. പ്രാദേശിക പാർട്ടികളുടെ തലവനായി സ്വയം അവരോധിക്കാമെങ്കിൽ അത് മുതലാക്കി, ഉപപ്രധാനമന്ത്രി പദമെങ്കിലും ചോദിച്ച് വാങ്ങിയെടുക്കാൻ തയ്യാറെടുക്കുകയാണ് കെസിആർ. 

മുഖ്യമന്ത്രി പിണറായി വിജയനെയും, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും കെസിആർ കണ്ടിരുന്നു. ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ കക്ഷിയായ ജഗൻമോഹൻ റെഡ്ഡിയുടെ പിന്തുണയും റാവുവിനുണ്ട്. സംസ്ഥാനനിയമസഭ കാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട്, തെരഞ്ഞെടുപ്പ് നടത്തിയ റാവുവിന്‍റെ നീക്കം വിജയമായിരുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് റാവുവിന് ഇനി സംസ്ഥാനത്തേക്ക് തിരിഞ്ഞുനോക്കേണ്ട. ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കാം. 

തമിഴ്‍നാട്, കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പിന്തുണ കിട്ടുകയും, സ്വന്തം നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ദക്ഷിണേന്ത്യയിൽ നിന്ന് എതിർചേരിയിലേക്ക് എത്തിക്കാൻ കഴിയുകയും ചെയ്താൽ, മമതാ ബാനർജിക്കും മായാവതിക്കും ഉള്ളതുപോലുള്ള സാധ്യതകൾ കെസിആറിനുമുണ്ടെന്നാണ് വിലയിരുത്തൽ. അപ്പോഴും കെസിആർ ശ്രദ്ധിക്കേണ്ടത് നേരത്തേ ബിജെപി വിരുദ്ധ കക്ഷിയിൽ അണി ചേർന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയാണ്. 

തമിഴ്‍നാട്ടിൽ 39 ലോക്സഭാ സീറ്റുകളുണ്ട്. തെലങ്കാനയിൽ 17, ആന്ധ്രാപ്രദേശിൽ 25, കേരളത്തിൽ 20, കർണാടകത്തിൽ 28. എല്ലാം ചേർത്താൽ 129. ഉത്തർപ്രദേശിലെ 80 സീറ്റിനും പശ്ചിമബംഗാളിലെ 42 സീറ്റിനും ഏറെ മുകളിൽ. ഇത് തന്നെയാണ് കെസിആറിന്‍റെ കണക്കുകൂട്ടലും. 

click me!