
ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തമാക്കി കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി 20. ബെന്നി ബെഹ്നാനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി കൂട്ടായ്മ കിഴക്കമ്പലത്ത് പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ, ട്വന്‍റി 20യുടെ എതിർപ്പ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ബെന്നി ബെഹനാൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് വേദികളിലടക്കം തങ്ങളെ ആക്ഷേപിക്കുന്നെന്ന് ആരോപിച്ചാണ് ബെന്നി ബെഹനാനെതിരെ ട്വന്‍റി 20 പരസ്യ നിലപാടെടുത്തത്. ക്രിക്കറ്റിലെ ട്വന്‍റി 20 മാത്രമേ അറിയാവുവെന്ന ബെന്നി ബെഹനാന്റെ പരാമർശമാണ് പ്രതിഷേധം ശക്തമാക്കാൻ കാരണം. ബെന്നി ബെഹനാനെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി കിഴക്കമ്പലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.
അതേ സമയം എതിർ സ്ഥാനാർത്ഥികളെ പരസ്യമായി പിന്തുണക്കില്ലെന്നാണ് ട്വന്റി 20യുടെ നിലപാട്. ബെന്നി ബെഹനാന്റെ അധിക്ഷേപത്തിനെതിരെ വോട്ടിലൂടെ മറുപടി നൽകാനാണ് തീരുമാനം. ട്വന്‍റി 20യുടെ പ്രതിഷേധം തന്നെ ബാധിക്കില്ലെന്നാണ് ബെന്നി ബെഹനാന്റെ പ്രതികരണം. തന്നോടുള്ള വിദ്വേഷത്തിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ചാലക്കുടി മണ്ഡലത്തിൽ ട്വന്‍റി 20 സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും നീക്കം പാളിയിരുന്നു. ഇതിന് പിന്നാലെയാണ് ബെന്നി ബെഹനാനെതിരെ പരസ്യ നിലപാടുമായി ട്വന്‍റി 20 രംഗത്തെത്തിയത്. അതേ സമയം സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.