
കോട്ടയം: പി ജെ ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കേരളാ കോൺഗ്രസിൽ കടുത്ത അഭിപ്രായ ഭിന്നത. കേരളാ കോൺഗ്രസ് സിറ്റിംഗ് സീറ്റായ കോട്ടയത്ത് പി ജെ ജോസഫ് മത്സരിക്കുന്നതിലെ അഭിപ്രായ വ്യത്യാസം പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി കെഎം മാണിക്ക് നേരിട്ട് എഴുതി നൽകി.
പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായം കോൺഗ്രസ് മുന്നോട്ട് വച്ചിട്ടില്ലെന്നാണ് മാണി വിഭാഗത്തിന് വേണ്ടി റോഷി അഗസ്റ്റിൻ എംഎൽഎ മാധ്യമങ്ങളോട് അറിയിച്ചത്. അതേ സമയം തന്നെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടനടക്കമുള്ളവരെ കെഎം മാണി പരിഗണിക്കുന്നതായും വാര്‍ത്തയുണ്ട്.
കേരളാ കോൺഗ്രസിന്‍റെ ആസ്ഥാനം എന്ന നിലയ്ക്ക് കോട്ടയത്ത് മത്സരിക്കേണ്ടത് മാണി വിഭാഗത്തിന് സ്വീകാര്യനായ നേതാവ് തന്നെയാകണമെന്ന നിര്‍ബന്ധവും കെ എം മാണിയുടെ പാലായിലെ വീട്ടിലെത്തി മാണി വിഭാഗം നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പിജെ ജോസഫ്. കോൺഗ്രസിനും പിജെ ജോസഫ് മത്സര രംഗത്ത് വരുന്നതാണ് താൽപര്യം. മറിച്ചൊരു തീരുമാനമാണ് കെ എം മാണി കൈക്കൊള്ളുന്നതെങ്കിൽ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യത മുന്നണിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കെഎം മാണിക്കുണ്ടാകും. മാത്രമല്ല പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്ന പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് പോകാതെ മുന്നോട്ട് കൊണ്ടു പോകുകയെന്നതും മാണിയ്ക്ക് തലവേദനയാകും.