
തൊടുപുഴ: ഇടതുപക്ഷ സർക്കാറിനെ താറടിച്ചു കാണിക്കാനാണ് പ്രളയത്തെപ്പറ്റിയുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് പുറത്ത് വിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമിക്കസ് ക്യൂറി യുഡിഎഫ് പ്രവർത്തകനാണെന്നും റിപ്പോർട്ടിനെ സർക്കാരിനെതിരായി ഉപയോഗിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും കോടിയേരി തൊടുപുഴയിൽ പറഞ്ഞു.
ഇടതുപക്ഷ സർക്കാരിന്‍റെ മികച്ച പ്രവർത്തനങ്ങൾ ചർച്ചയാകാതിരിക്കാൻ ചിലർ ശ്രമിക്കുന്നു. ഇതിന്‍റെ ഭാഗമാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നത്. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിക്കസ് ക്യൂറി റിപ്പോർട്ട് പരസ്യപ്പെടുത്തിയത് ദുരൂഹമാണ്. ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. സാങ്കേതിക വിദഗ്ധനല്ലാത്ത അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് എങ്ങനെ അധികാരികമാകുമെന്നും കോടിയേരി ചോദിച്ചു.
ഡാമുകളിൽ വെള്ളം അധികമായതല്ല പ്രളയത്തിന് കാരണം. പ്രളയംമൂലം ഇത്തവണ കുറച്ച് പേരാണ് മരിച്ചത്. കൂടുതൽ പേരും മണ്ണിടിച്ചിലിലാണ് മരിച്ചത്. കെഎസ്ഇബിയോടോ ജലവിഭവ വകുപ്പിനോടോ ഒന്നും ചോദിക്കാതെയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.