കേരളത്തിൽ അപ്രതീക്ഷിത പരാജയം; തെറ്റു തിരുത്താൻ നടപടി ഉണ്ടാകുമെന്ന് കോടിയേരി

By Web TeamFirst Published May 23, 2019, 3:16 PM IST
Highlights

ബിജെപിയെ തോൽപ്പിക്കണമെന്നായിരുന്നു പ്രചാരണം. അത് യുഡിഎഫിന് ഗുണം ചെയ്തെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് കോടിയേരി.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടേയും നയങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ വിശദമായി ചര്‍ച്ച നടത്തുമെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. 

ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ യുഡിഎഫിന് ഒപ്പം നിന്നു. യുഡിഎഫ് നേടിയ വൻ വിജയത്തിന് കാരണം അതാണ്. ഇടത് മുന്നണി തോൽക്കുന്നത് ആദ്യമായല്ല. പരാജയം താൽകാലികമാണെന്നും പാര്‍ട്ടിയും മുന്നണിയും ശക്തിയായി തിരിച്ച് വരുമെന്നും കോടിയേരി വിശദീകരിച്ചു.

ശബരിമല കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ അതിരു കടന്നെന്നും ഉള്ള സാഹചര്യങ്ങൾ തിരിച്ചടിയായോ എന്ന ചോദ്യത്തിന് ശബരിമല കൈകാര്യം ചെയ്തതിൽ വീഴ്ച വന്നെന്ന ആരോപണങ്ങളെല്ലാം  വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് മാത്രമായിരുന്നു കോടിയേരിയുടെ മറുപടി.  എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ സിപിഎമ്മിന് സന്തോഷിക്കാനാകില്ലെന്നും കോടിയേരി വിശദീകരിച്ചു. കേരളത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാൻ ബിജെപിക്ക് ആയില്ല.  ആര്‍എസ്എസിനോ ബിജെപിക്കോ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നത് അഭിമാനമായി കാണുന്നു എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

click me!