ഐ ഗ്രൂപ്പ് രഹസ്യയോഗത്തെക്കുറിച്ച് അന്വേഷിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് കോഴിക്കോട്ട്

By Web TeamFirst Published Mar 23, 2019, 6:20 AM IST
Highlights

രാവിലെ പത്ത് മണിയോടെ കോഴിക്കോട് ഡിസിസിയിൽ എത്തുന്ന മുല്ലപ്പള്ളി ജില്ലാ നേതൃത്വത്തിൽ നിന്ന് യോഗം ചേരാനിടയായ സാഹചര്യങ്ങൾ അന്വേഷിച്ചറിയും. അച്ചടക്കലംഘനം ബോധ്യപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

കോഴിക്കോട്: വയനാട് സീറ്റ് ടി.സിദ്ധീഖിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് നേതാക്കൾ നടത്തിയ രഹസ്യയോഗത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് കോഴിക്കോടെത്തും. തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ അച്ചടക്ക ലംഘനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി നേരത്തേ പറഞ്ഞിരുന്നു. രാവിലെ പത്ത് മണിയോടെ കോഴിക്കോട് ഡിസിസിയിൽ എത്തുന്ന മുല്ലപ്പള്ളി ജില്ലാ നേതൃത്വത്തിൽ നിന്ന് യോഗം ചേരാനിടയായ സാഹചര്യങ്ങൾ അന്വേഷിച്ചറിയും. അച്ചടക്കലംഘനം ബോധ്യപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

ഇതിനിടെ വിമത യോഗത്തിന് നേതൃത്വം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു. വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിന് അവകാശം ഉന്നയിക്കാനുമാണ്ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ചേര്‍ന്ന ഗ്രൂപ്പ് യോഗം കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അച്ചടക്കലംഘനം ബോധ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കാലമെന്ന് പോലും നോക്കാതെ നടപടിയെടുക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് സമയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരനും രംഗത്തു വന്നിട്ടുണ്ട്.

അതേസമയം  ഗ്രൂപ്പ് യോഗത്തിനെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ  മുല്ലപ്പള്ളിയെ രമേശ് ചെന്നിത്തല ബന്ധപ്പെട്ടതായാണ് വിവരം. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നും കടുത്ത നടപടിയിലേക്ക് നീങ്ങരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി അറിയുന്നുണ്ട്. ചെന്നിത്തലയുടെ അറിവോടെയാണ് രഹസ്യയോഗം വിളിച്ചതെന്ന് ചില നേതാക്കള്‍ നേതൃത്വത്തോട് പറഞ്ഞതായും സൂചനയുണ്ട്.

click me!