ബിജെപിയിലെ എല്ലാ 'കാവൽക്കാരും' കള്ളന്മാരാണ്; രാഹുല്‍ ഗാന്ധി

By Web TeamFirst Published Mar 22, 2019, 11:38 PM IST
Highlights

കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ ബി എസ് യെദ്യൂരപ്പ മുതിർന്ന ബിജെപി നേതാക്കൾക്ക് 1800 കോടി നല്‍കിയെന്ന കാരവാന്‍ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ രം​ഗത്തെത്തിയത്. 

ദില്ലി: ബിജെപിയിലെ എല്ലാ കാവൽക്കാരും കള്ളന്മാരാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ ബി എസ് യെദ്യൂരപ്പ മുതിർന്ന ബിജെപി നേതാക്കൾക്ക് 1800 കോടി നല്‍കിയെന്ന കാരവാന്‍ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ രം​ഗത്തെത്തിയത്.

'ബിജെപിയിലെ എല്ലാ കാവല്‍ക്കാരും കള്ളന്മാരാണെന്ന്' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘നോമോ, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ് — ‘ എന്നെഴുതി കാരവാന്റെ റിപ്പോർട്ടും ചേർത്താണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.

BJP ke sare Chowkidar Chor Hai.

NoMo
Arun Jaitley
Rajnath Singh
——-
——-
——- https://t.co/jRmdkYjAhg

— Rahul Gandhi (@RahulGandhi)

ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ഡയറി പുറത്ത് വിട്ട് കൊണ്ടുള്ള കാരവാൻ മാസികയുടെ വെളിപ്പെടുത്തല്‍. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം അദ്ദേഹം എഴുതി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് അദ്ദേഹം കണക്കുകൾ എഴുതി വച്ചിട്ടുള്ളത്. ഇത് കൂടാതെ എല്ലാ കണക്കുകളുടേയും താഴെ അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലിക്കും നിതിന്‍ ഗഡ്കരിക്കും 150 കോടി വീതം യെദ്യൂരപ്പ നല്‍കി. രാജ്നാഥ് സിങിന് നൂറ് കോടി നല്‍കിയപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും അന്‍പത് കോടി വീതമാണ് നല്‍കിയതെന്നും യെദ്യൂരപ്പയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ നിതിന്‍ ഗഡ്കരിയുടെ മകന്‍റെ കല്യാണത്തിന് മാത്രം പത്ത് കോടി വേറെയും നല്‍കിയിട്ടുണ്ടെന്ന് ഡയറിയില്‍ കുറിച്ചു വച്ചിട്ടുണ്ട്. എന്നാല്‍ ജഡ്ജിമാരുടെ പേര് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

click me!