'മകനെതിരെ ചക്രവ്യൂഹം'; കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച് കുമാരസ്വാമി

By Web TeamFirst Published Apr 5, 2019, 7:00 PM IST
Highlights

മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പോലും കോണ്‍ഗ്രസ്, ബിജെപി, കര്‍ഷക അസോസിയേഷനായ റെയ്ത സംഘ എന്നിവരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് കുമാരസ്വാമി

ബംഗളൂരു: സഖ്യ കക്ഷിയായ കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മാണ്ഡ്യ മണ്ഡലത്തില്‍ സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയും തന്‍റെ മകനുമായ നിഖിലിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ചക്രവ്യൂഹം തീര്‍ക്കുകയാണെന്ന് കുമാരസ്വാമി തുറന്നടിച്ചു.

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവും  നടനുമായിരുന്ന അംബരീഷിന്‍റെ ഭാര്യയും പ്രമുഖ നടിയുമായ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സുമലതയ്ക്ക് വേണ്ടിയാണെന്നും സഖ്യ സ്ഥാനാര്‍ത്ഥിയായ നിഖിലിന് വേണ്ടിയല്ലെന്നുമാണ് കുമാരസ്വാമിയുടെ ആരോപണം.

മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പോലും കോണ്‍ഗ്രസ്, ബിജെപി, കര്‍ഷക അസോസിയേഷനായ റെയ്ത സംഘ എന്നിവരുടെ പിന്തുണ ലഭിക്കുന്നുണ്ട്. ജെഡിഎസിനെ തോല്‍പ്പിക്കാനായി ഇവര്‍ കെെകോര്‍ത്തിരിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.  

കഴിഞ്ഞ ദിവസം കുമാരസ്വാമിയുടെ പിതാവും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡയും സമാനമായ പ്രതികരണം കോണ്‍ഗ്രസിനെതിരെ നടത്തിയിരുന്നു. മാണ്ഡ്യയിലെ കാര്യങ്ങള്‍ കെെവിട്ട് പോയെന്നും കോണ്‍ഗ്രസിന്‍റെ കരുത്തന്‍ സിദ്ധരാമയ്യക്ക് പോലും കാര്യങ്ങള്‍ തിരിക്കാന്‍ പറ്റില്ലെന്നുമാണ് ദേവഗൗഡ‍ പറഞ്ഞത്.

യഥാര്‍ഥമായ കാര്യങ്ങള്‍ മാത്രമാണ് ദേവഗൗഡ ചൂണ്ടിക്കാണിച്ചതെന്ന് കുമാരസ്വാമി പറഞ്ഞു. നിഖിലിനെതിരെ ചക്രവ്യൂഹം തീര്‍ത്തിരിക്കുകയാണ്. പക്ഷേ, നിഖിലിനെ തെരഞ്ഞെടുക്കാന്‍ മാണ്ഡ്യ തീരുമാനിച്ച് കഴിഞ്ഞതായും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോടൊപ്പം തന്നെയാണെന്ന മറുപടിയാണ് സുമതല ഇക്കാര്യത്തില്‍ നല്‍കിയത്. 

click me!