ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാനാകില്ല; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കുമ്മനം

By Web TeamFirst Published Mar 12, 2019, 10:04 AM IST
Highlights

ശബരിമല പ്രചരണ വിഷയമാക്കരുതെന്ന് പറയാൻ ആര്‍ക്കും അവകാശമില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ കുമ്മനം രാജശേഖരൻ. ശബരിമല പ്രചരണ വിഷയമാക്കരുതെന്ന് പറയാൻ ആര്‍ക്കും അവകാശമില്ലെന്ന് കുമ്മനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു. 

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നും അത് ചട്ടലംഘനമാണെന്നുമായിരുന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാട്. ഇതിനെതിരെ ബിജെപി കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ എതിര്‍പ്പാണ് നിലനിൽക്കുന്നത്. ഇതിനിടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന കുമ്മനത്തിന്‍റെ നിലപാട്. മിസോറം ഗവര്‍ണര്‍ സ്ഥാനം രാജി വച്ച ശേഷം തിരുവനന്തപുരത്തെത്തിയ കുമ്മനം രാജശേഖരന് വലിയ സ്വീകരണമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബിജെപി പ്രവര്‍ത്തകര്‍ നൽകിയത്. 

ഇത്തവണ കേരളത്തില്‍ നിന്നുള്ള ബിജെപി അംഗങ്ങള്‍ ലോക്സഭയിലെത്തും. ശബരിമല മതപരമായ ഒരു പ്രശ്നമല്ല. ഇന്ന് ശബരിമലയിലാണെങ്കില്‍ നാളെ മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിലും ഇത് സംഭവിക്കും. മനുഷ്യാവകാശ ധ്വംസനമാനാണ് ശബരിമലയില്‍ നടന്നത്. നിരവധി പേരെ കള്ളക്കേസില്‍ കുടുക്കി ഇപ്പോഴും ജയിലില്‍ ഇട്ടിരിക്കുകയാണ്. 

ശബരിമലയെ കുറിച്ച് എല്ലാ പാര്‍ട്ടികളും അഭിപ്രായം പറയണം.  ശബരിമല വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെങ്കില്‍ അത് വ്യക്തമാക്കണം. അങ്ങനെയാണെങ്കില്‍ ഏറ്റവും സജീവമായ ജനങ്ങളുടെ വിഷയത്തില്‍ നിന്നാണ് അവര്‍ ഒളിച്ചോടുന്നത്. സുപ്രീംകോടതി വിധിക്കെതിരെയല്ല ബിജെപിയുടെ പോരാട്ടമെന്നും വിശ്വാസവും ആചാരവും സംരക്ഷിക്കാനാണെന്നും കുമ്മനം പറഞ്ഞു.
 

click me!