
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ തുടക്കം മുതൽ പ്രചാരണരംഗത്തുള്ള മേൽക്കൈ ഇപ്പോഴും തുടരുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. 14 ദിവസം നീണ്ടുനിന്ന സ്ഥാനാർത്ഥി പര്യടനത്തിൽ മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും കടന്നുചെന്ന് ജനങ്ങളോട് സംവദിക്കാനും അവരുടെ പ്രതികരണം ആരായാനും തനിക്ക് കഴിഞ്ഞെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. എൽഡിഎഫും യുഡിഎഫും മാറിമാറി പ്രതിനിധീകരിച്ച മണ്ഡലമാണ് തിരുവനന്തപുരം. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് തനിക്ക് മനസിലായതെന്നും കുമ്മനം പറഞ്ഞു.
ഇരു മുന്നണികളും പ്രചാരണത്തിൽ സജീവമായതിന് ശേഷം പ്രചാരണ രംഗത്തിറങ്ങിയത് വിജയസാധ്യത കുറയ്ക്കുന്നില്ല. പതിമൂന്ന് ലക്ഷത്തിലേറെ വോട്ടർമാരരെ നേരിട്ട് കാണാൻ തനിക്കായി. എൻഡിഎയുടെ സംഘടനാപരമായ പ്രവർത്തനം ബൂത്ത് തലം മുതൽ നേരത്തേ തന്നെ തുടങ്ങിയിരുന്നു. ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും തിരിച്ചറിഞ്ഞ് അവയ്ക്ക് സൃഷ്ടിപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമം നടത്തും. വ്യാപകമായും ആസൂത്രിതവും സുസംഘടിതവുമായി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ കഴിഞ്ഞു എന്ന ആത്മവിശ്വാസവും ആത്മസംതൃപ്തിയും പ്രചാരണം അവസാനിക്കുന്ന ഘട്ടത്തിൽ തനിക്കുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.