മലപ്പുറം നിലനിര്‍ത്തി കുഞ്ഞാലിക്കുട്ടി: കേരളരാഷ്ട്രീയത്തിലേക്ക് ഉടനെയില്ല

By Web TeamFirst Published Mar 9, 2019, 3:34 PM IST
Highlights

 മുപ്പത് വര്‍ഷമായി മുസ്ലീം ലീഗിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി തുടരുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ സീറ്റ് മാറ്റാന്‍ പോലും നീക്കം നടന്നു എന്നത് പാര്‍ട്ടി സമവാക്യങ്ങള്‍ മാറുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 

കോഴിക്കോട്: പാര്‍ട്ടിയുടെ രണ്ട് സിറ്റിംഗ് എംപിമാരേയും അതേ സീറ്റുകളില്‍ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും മുന്‍കാലങ്ങളിലേത് പോലെ അനായാസമായല്ല ആ തീരുമാനം വന്നത്. പൊന്നാനി,മലപ്പുറം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പരസ്പരം മാറ്റാന്‍ ലീഗിനകത്ത് അവസാനഘട്ടത്തിലും ആലോചനകള്‍ നടന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന. പൊന്നാനി സീറ്റിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് സിപിഎം നീട്ടിക്കൊണ്ട് പോയത് കുഞ്ഞാലിക്കുട്ടി അവിടെ മല്‍സരിച്ചേക്കുമെന്ന സംശയം കാരണമാണെന്നും സൂചനയുണ്ട്. 

മണ്ഡലം ഭാരവാഹികള്‍ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൊന്നാനിയില്‍ ബഷീറിനെ മല്‍സരിപ്പിക്കരുതെന്ന ആവശ്യമുയര്‍ന്നത് ആസൂത്രിത നീക്കമായിരുന്നുവെന്നാണ് ലീഗിലെ ഒരു വിഭാഗം കരുതുന്നത്. ബഷീറിന് സുരക്ഷിത സീറ്റ് ലഭിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് ഇവരുടെ നിഗമനം. എന്നാല്‍ പൊന്നാനിയില്‍ ജയിച്ചു കയറാന്‍ വിയര്‍ക്കേണ്ടി വരും. അത് കൊണ്ട് തന്നെ മലപ്പുറത്തേ മത്സരിക്കൂ എന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിന് പാണക്കാട് തങ്ങള്‍ വഴങ്ങുകയായിരുന്നു. യുപിഎ അധികാരത്തിലെത്തുന്ന പക്ഷം കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടേണ്ട ആളാണ് കുഞ്ഞാലിക്കുട്ടി എന്നതിനാല്‍ സുരക്ഷിത മണ്ഡലത്തില്‍ തന്നെ അദ്ദേഹത്തെ മത്സരിപ്പിക്കണമെന്നും അഭിപ്രായമുയര്‍ന്നു. 

കുഞ്ഞാലിക്കുട്ടിയുമായി രാഷ്ട്രീയത്തിന് അതീതമായ  ബന്ധം പുലര്‍ത്തുന്ന സിപിഎം നേതൃത്വം പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീട്ടിക്കൊണ്ട് പോയതും കുഞ്ഞാലിക്കുട്ടി അവിടെ മല്‍സരിച്ചേക്കുമോയെന്ന സംശയം കാരണമാണ്. പി ടി കുഞ്ഞമുഹമ്മദിന്റെ പേരുയര്‍ന്ന് വരാന്‍ കാരണവും മറ്റൊന്നല്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ പൊന്നാനിയില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അദ്ദേഹത്തിന് വെല്ലുവിളിയുയര്‍ത്താന്‍ സി.പി.എമ്മും ആഗ്രഹിച്ചിരുന്നില്ല. മുസ്ലീം ലീഗ് സ്ഥാപക പ്രസിഡന്‍റിന്‍റെ പൗത്രന്‍ ദാവൂദ് മിയാന്‍ ഖാന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് സിപിഎം നേതൃത്വത്തെ കണ്ടിരുന്നുവെങ്കിലും ആ സാധ്യത സിപിഎം ഉപയോഗിക്കാഞ്ഞതും ഇതേ കാരണത്താലാണ്. 

യുപിഎ അധികാരത്തില്‍ വന്നാല്‍ കുഞ്ഞാലിക്കുട്ടി മന്ത്രിപദവി പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ മറിച്ചു സംഭവിക്കുന്ന പക്ഷം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു കൊണ്ട് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ലീഗ് അനുവദിക്കുമോ എന്ന കാര്യത്തിലും ഇനി സംശയമുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷമായി മുസ്ലീം ലീഗിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി തുടരുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ സീറ്റ് മാറ്റാന്‍ പോലും നീക്കം നടന്നു എന്നത് പാര്‍ട്ടി സമവാക്യങ്ങള്‍ മാറുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 

click me!