യോഗിയുടേത് അറിവില്ലായ്മ, പച്ചക്കൊടിയെപ്പറ്റി സൂക്ഷിച്ചു പറഞ്ഞാല്‍ മതി: കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Apr 5, 2019, 1:09 PM IST
Highlights

രാഹുല്‍ ഗാന്ധിയുടെ വരവിനെ തടുക്കാന്‍ അവര്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല. ഇന്നലെ നാഗ്പുരിലെ രാഹുലിന്‍റെ റാലിയൊക്കെ വമ്പന്‍ വിജയമാണ്. വയനാട്ടില്‍ കൊടുങ്കാറ്റ് പോലെയാണ് രാഹുല്‍ വന്നത്. ലക്ഷക്കണക്കിന് വോട്ടിനാണ് രാഹുല്‍ വയനാട്ടില്‍ നിന്നും ജയിക്കാന്‍ പോകുന്നത്. ഇതൊക്കെ കണ്ട് അവര്‍ക്ക് ഹാലിളകി നില്‍ക്കുകയാണ് അവര്‍. 

മലപ്പുറം: മുസ്ലീംലീഗ് വൈറസാണെന്ന് ആ വൈറസ് കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യം മുഴുവന്‍ പടരുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെക്കുറിച്ചുള്ള യോഗിയുടെ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ലീഗിന്‍റെ പച്ചക്കൊടിയെക്കുറിച്ച് സൂക്ഷിച്ച് സംസാരിച്ചാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു. 

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍...

ഇതൊക്കെ പറയുമ്പോള്‍ അവര്‍ പലരും മറക്കുകയാണ്. ഞങ്ങള്‍ വളരെ കാലമായി യുഡിഎഫിന്‍റേയും യുപിഎയുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന മതേതര പാര്‍ട്ടിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. അതോടൊപ്പം ഐടി സാക്ഷരതയും കേരളമാണ് മുന്നില്‍. ഈ രണ്ട് വിപ്ലവത്തിനും വഴിയൊരുക്കിയതില്‍ ലീഗിനും പങ്കുണ്ട്.  അങ്ങനെയൊരു പാര്‍ട്ടിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവില്ല. ഉത്തര്‍പ്രദേശില്‍ ഇരിക്കുന്ന യോഗി ആദിത്യനാഥിന് ഇതൊന്നും അറിയില്ല. ഇടക്കിടെ ഇങ്ങനെയൊക്കെ പറയുന്നത് അദ്ദേഹത്തിന്‍റെ പതിവാണ്. പറയുന്നതൊക്കെ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയും ചെയ്യും. ഇതും അങ്ങനെ തന്നെയാവും. 

ബിജെപി ഒരോരോ സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയ പാര്‍ട്ടികള്‍ ഏതൊക്കെയാണ് അവരൊന്ന് വിലയിരുത്തേണ്ടതാണ്. അവിടെ എഐഎഡിഎംകെ മുന്നണിയില്‍ ഒരു പച്ചക്കൊടിയുണ്ട് പണ്ട് ലീഗില്‍ നിന്നും പോയവരാണ്. ഐഎന്‍എല്‍ പോലെ, ഇവിടെ എല്‍ഡിഎഫില്‍ പച്ചക്കൊടിയുള്ള പാര്‍ട്ടിയുണ്ട്. കശ്മീരില്‍ പിഡിപിയുണ്ട്. അപ്പോള്‍ ഇത്തരം ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാം എന്നു കരുതേണ്ട. 

രാഹുല്‍ ഗാന്ധി ഇപ്പോള്‍ വരുന്ന വരവിനെ തടുക്കാന്‍ അവര്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല. ഇന്നലെ നാഗ്പുരിലെ രാഹുലിന്‍റെ റാലിയൊക്കെ വമ്പന്‍ വിജയമാണ്. വയനാട്ടില്‍ കൊടുങ്കാറ്റ് പോലെയാണ് രാഹുല്‍ വന്നത്. ലക്ഷക്കണക്കിന് വോട്ടിനാണ് രാഹുല്‍ വയനാട്ടില്‍ നിന്നും ജയിക്കാന്‍ പോകുന്നത്. ഇതൊക്കെ കണ്ട് അവര്‍ക്ക് ഹാലിളകി നില്‍ക്കുകയാണ് അവര്‍. യുപിയില്‍ ഒഴിഞ്ഞ കസേരകളോടാണ് യോഗി സംസാരിക്കുന്നത്. അതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ തന്നെ പുറത്തുവിട്ടിരുന്നു. 

പ്രധാന സംഗതി എല്‍ഡിഎഫും ബിജെപിയും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് അവരുടെ പെര്‍ഫോര്‍മന്‍സിനെക്കുറിച്ചാണ്. കേരളത്തിലുണ്ടായ പ്രളയം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന വിവരം ഇപ്പോള്‍ പുറത്തു വരുന്നുണ്ട് എല്‍ഡിഎഫ് മറുപടി പറയേണ്ടത് അതിനാണ്.

സോഷ്യല്‍ മീഡിയയിലൊക്കെ അവര്‍ പച്ചക്കൊടിയുടെ കാര്യം പറയുന്നുണ്ട്. അതൊക്കെ സൂക്ഷിച്ചു പറഞ്ഞാല്‍ മതി. ആ പ്രളയത്തില്‍ കേരളത്തെ സഹായിക്കേണ്ട ചുമതല കേന്ദ്രസര്‍ക്കാരിന് ഉണ്ടായിരുന്നു. നയാപൈസയുടെ സഹായം കേരളത്തിന് തന്നില്ല എന്നു മാത്രമല്ല കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന സഹായമൊക്കെ മുടക്കുകയും ചെയ്തു. എന്തൊരു ക്രൂരതയാണ് അവര്‍ കേരളത്തോട് ചെയ്തത് . എന്നിട്ടാണോ കേരളത്തില്‍ വോട്ടു ചോദിക്കുന്നത്. ഇതിനെല്ലാം മറുപടി പറയുന്നതിന് പകരം പകരം ഇല്ലാത്ത വിഷയങ്ങളും ചെറിയ വിഷയങ്ങളും പെരുപ്പിച്ചു കൊണ്ടു വരികയാണ് അവര്‍. 

പച്ചക്കൊടിവിവാദത്തില്‍ യുപിഎയ്ക്ക് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് അതൊന്നും ഏശില്ലന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ബീഹാറില്‍ അവരുടെ കൂടെ ഒരു പച്ചക്കൊടിയുണ്ടെന്ന് (ജനതാദള്‍ യു) കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇതിനെല്ലാമുള്ള മറുപടി രാഹുല്‍ ഗാന്ധി ഇന്നലെ നല്‍കിയിട്ടുണ്ടെന്നും ഇന്ത്യ ഒന്നാണെന്ന രാഹുലിന്‍റെ വാക്കുകള്‍ എല്ലാവരും ഓര്‍ക്കുന്നതും പിന്തുടരുന്നതും നല്ലതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
 

click me!