ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല; മരിക്കും വരെ കോൺഗ്രസ് പ്രവർത്തകനെന്ന് കെ വി തോമസ്

By Web TeamFirst Published Mar 28, 2019, 1:39 PM IST
Highlights

താന്‍ പ്രവര്‍ത്തിച്ചത് സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടല്ലെന്ന് വ്യക്തമാക്കി കെ വി തോമസ്. ഹൈക്കമാന്‍റ്  പുതിയ സ്ഥാനങ്ങളൊന്നും വാഗ്ദാനം ചെയ്തിട്ടില്ല. മരിക്കും വരെ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും കെ വി തോമസ്. 

കൊച്ചി: ലോക്സഭാ സീറ്റിന് പകരമായി ഹൈക്കമാന്‍റ് തനിക്ക് പുതിയ സ്ഥാനങ്ങളൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല. മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥികൾക്കായി എല്ലായിടത്തും പ്രചാരണം നടത്തുമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

സീറ്റ് നിഷേധിക്കപ്പെട്ടതിന് ശേഷം ആദ്യമായി കൊച്ചിയിലെത്തിയ കെ വി തോമസിന് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്താവളത്തില്‍ സ്വീകരണം നൽകി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കെ വി തോമസിനെ മുദ്രാവക്യം വിളികളോടെ ഹാരമണിയിച്ചാണ് അണികള്‍ സ്വീകരിച്ചത്.  എറണാകുളത്തെ യു ഡി എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി. വൈകീട്ട് കുമ്പളങ്ങിയിലെ യു ഡി എഫ് യോഗത്തിലും കെ വി തോമസ് പങ്കെടുക്കും. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി എല്ലാ മണ്ഡലങ്ങളിലേക്കും പോകുമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന സാഹചര്യമുണ്ടാകണമെന്നും കെ വി തോമസ് പറഞ്ഞു. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മാസങ്ങള്‍ക്ക് മുമ്പേ ഞാന്‍ മാറാന്‍ തയ്യാറായിരുന്നു. അക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. സീറ്റ് ഇല്ലായെന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല. അക്കാര്യം മാധ്യമങ്ങളില്‍ കൂടിയാണ് ഞാന്‍ അറിഞ്ഞത്. അതിലുള്ള വേദന മാത്രമാണ് ഞാന്‍ അറിയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രവര്‍ത്തകരാണ് തന്‍റെ ഏറ്റവും വലിയ ശക്തിയെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കെ വി തോമസ് പ്രതികരിച്ചു. "

click me!