മത്സരിക്കുന്നത് ഹൈബിയെ പരാജയപ്പെടുത്താനല്ല: വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് സരിത

By Web TeamFirst Published Mar 28, 2019, 1:31 PM IST
Highlights

"ലോക്സഭയിലേക്ക് അയക്കുന്ന ജനപ്രതിനിധിയെ കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് എന്റെ ലക്ഷ്യം"

തിരുവനന്തപുരം: എറണാകുളം ലോക്സഭാ സീറ്റിൽ മത്സരിക്കാനൊരുങ്ങുകയാണ് സരിതാ എസ് നായര്‍. ഏപ്രിൽ രണ്ടിന് സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.  ജയിക്കാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.

"ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താൻ മത്സരത്തിന് ഒരുങ്ങുന്നത്," എന്നാണ് സ്ഥാനാ‍ത്ഥിത്വത്തെ കുറിച്ച് സരിത പ്രതികരിച്ചത്. "സംസ്ഥാനത്ത് കോൺഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്. എന്താണ് ഫാക്ട്സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എനിക്ക് ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല," സരിത പറഞ്ഞു.

"എന്റെ ജീവിതം ഇങ്ങിനെയാകേണ്ടിയിരുന്ന ഒന്നായിരുന്നില്ല. ഒരു ഘട്ടത്തിൽ ജീവിതം ഇങ്ങിനെ മാറിമറിയാൻ കാരണം കോൺഗ്രസാണ്. അതിന് കാരണക്കാരായവര്‍ക്കെതിരെ രാഹുൽ ഗാന്ധിക്ക് വരെ പരാതി നൽകി. സ്ത്രീസമത്വത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും മിനിറ്റ് വച്ച് സംസാരിക്കുന്ന അദ്ദേഹം പോലും ആരോപണ വിധേയര്‍ക്കെതിരെ നടപടി എടുത്തില്ല. ഒരു അച്ചടക്ക നടപടിയെങ്കിലും അദ്ദേഹത്തിന് എടുക്കാമായിരുന്നില്ലേ?" സരിത ചോദിച്ചു.

"ഞാൻ ഒരുപാട് കാര്യങ്ങള്‍ അനുഭവിച്ചു. പക്ഷെ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കിൽ എന്ത് കുറ്റകൃത്യവും ചെയ്യാം, തെരഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന് എനിക്ക് മനസിലായി. പാര്‍ട്ടിയിലും പൊതുരംഗത്തും സ്ഥാനമാനം ലഭിക്കും. ഇപ്പോഴും ഞാൻ തട്ടിപ്പുകാരിയാണെന്ന് പറഞ്ഞാണ് അവര്‍ വോട്ട് പിടിക്കുന്നത്. എഫ്ഐആര്‍ ഇട്ട കേസിലെ പ്രതികളെ മാറ്റിനിര്‍ത്താൻ കോൺഗ്രസോ രാഹുൽ ഗാന്ധിയോ തയ്യാറായില്ല. അവരും മത്സരിക്കുന്നുണ്ട്. പിന്നെന്താ വെറുമൊരു സാമ്പത്തിക കുറ്റകൃത്യത്തിലെ പ്രതിയായ എനിക്ക് മത്സരിച്ചാൽ?" സരിത ചോദിച്ചു.

"എറണാകുളത്ത് ഹൈബി ഈഡനെ പരാജയപ്പെടുത്തുകയെന്നത് എന്റെ ലക്ഷ്യമല്ല. എന്നാൽ ലോക്സഭയിലേക്ക് അയക്കുന്ന ജനപ്രതിനിധിയെ കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. ആര്‍ക്കാണ് വോട്ട് കൊടുക്കുന്നതെന്ന് അവരെ മനസിലാക്കിപ്പിക്കുകയാണ് ഞാൻ ചെയ്യുന്നത്. അല്ലാതെ ജയിക്കാൻ വേണ്ടിയോ, ഇത്ര വോട്ട് പിടിക്കാൻ വേണ്ടിയോ ഒന്നുമല്ല എന്റെ മത്സരം," സരിത പറഞ്ഞു.

തിരുവനന്തപുരത്ത് പത്രിക സമര്‍പ്പിക്കാനായിരുന്നു താൻ ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ എറണാകുളത്ത് മാത്രമാണ് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. പരസ്യപ്രചാരണം അടക്കമുളള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. 

ഇക്കുറി ശക്തമായ പോരാട്ടമാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നടക്കുന്നത്. മുൻ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ പി.രാജീവാണ് സിപിഎം സ്ഥാനാ‍ര്‍ത്ഥി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ഇവിടെ സിറ്റിങ് എംപി കെവി തോമസിനെ ഒഴിവാക്കിയാണ് എംഎൽഎയായ ഹൈബി ഈഡനെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.

click me!