
ദില്ലി: ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ്. സീറ്റ് നിഷേധിച്ചപ്പോൾ ദുഖം തോന്നി. അതു പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കെ വി തോമസ് പ്രതികരിച്ചു. രാവിലെ രമേശ് ചെന്നിത്തലയോട് കയര്‍ത്ത് സംസാരിച്ചു. അത് തെറ്റായിപ്പോയെന്നും അതുകൊണ്ടാണ് കേരളാ ഹൗസിലെത്തി ചെന്നിത്തലയെ കണ്ടതെന്നും കെ വി തോമസ് പറഞ്ഞു.
രമേശ് ചെന്നിത്തലയെയും പിസി ചാക്കോയുമായും കൂടിക്കാഴ്ച നടത്തുന്ന കെവി തൊമസ് നാളെ സോണിയാ ഗാന്ധിയേയും കാണുന്നുണ്ട്. രാവിലെ പത്ത് മണിയോടെ കെവി തോമസിനെ കാണാൻ എത്തിയ ചെന്നിത്തലയ്ക്ക് നേരെ കെ വി തോമസ് പൊട്ടിത്തെറിച്ചിരുന്നു. ഒരു ഓഫറും കേൾക്കാൻ താൽപര്യമില്ലെന്നും ഇനി എന്ത് പറയാനാണ് വന്നതെന്നും ചെന്നിത്തലയോട് കെവി തോമസ് ചോദിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് നേതൃത്വം മുൻകയ്യെടുത്ത് നടത്തിയ അനുനയ നീക്കങ്ങൾ ഫലം കണ്ടു എന്ന വിധത്തിലുള്ള വാര്‍ത്തകളാണ് കെവി തോമസ് പങ്കുവയ്ക്കുന്നത്. സോണിയാ ഗാന്ധിയെ നാളെ കണ്ട ശേഷം ഭാവി തീരുമാനിക്കും എന്ന നിലപാടിലാണ് ഇപ്പോൾ കെവി തോമസ്.
നിലപാടിൽ മാറ്റം വന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഒന്നിച്ച് നാളെ കെവി തോമസിനെ കാണും.