വയനാട്ടിൽ പ്രചാരണത്തിൽ മുന്നേറി പി പി സുനീർ; നിശ്ചലമായി യുഡിഎഫ് ക്യാമ്പ്

By Web TeamFirst Published Mar 26, 2019, 6:07 PM IST
Highlights

എൽഡിഎഫ് നേതാക്കളുടെ പ്രാദേശിക ജാഥകളും കോർണർ മീറ്റിംഗുകളും കുടുംബയോഗങ്ങളും ഭവനസന്ദർശനവും തുടങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലാകെ പി പി സുനീറിനായി പ്രചാരണ സാമഗ്രികളും നിറഞ്ഞു. സ്ഥാനാർത്ഥിയുടെ ആദ്യഘട്ട മണ്ഡലം പര്യടനവും പൂർത്തിയായി. യുഡിഎഫിനായി പോസ്റ്റർ, ചുവരെഴുത്ത് പ്രചാരണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല.

വയനാട്: രാഹുൽ ഗാന്ധി മത്സരിക്കാനെത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം അനന്തമായി നീളുമ്പോൾ വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീർ പ്രചാരണത്തിൽ ഇപ്പോൾ ഏറെ ദൂരം മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് പ്രത്യക്ഷ പ്രചാരണം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. പാർലമെന്‍റ് മണ്ഡലം, നിയോജകമണ്ഡലം, പഞ്ചായത്ത് കൺവെൻഷനുകൾ പിന്നിട്ട് ഇടതുപക്ഷം ബൂത്തുതല കൺവെൻഷനുകൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. എൽഡിഎഫ് നേതാക്കളുടെ പ്രാദേശിക ജാഥകളും കോർണർ മീറ്റിംഗുകളും കുടുംബയോഗങ്ങളും ഭവനസന്ദർശനവും തുടങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലാകെ പി പി സുനീറിനായി പ്രചാരണ സാമഗ്രികളും നിറഞ്ഞു. സ്ഥാനാർത്ഥിയുടെ ആദ്യഘട്ട മണ്ഡലം പര്യടനവും പൂർത്തിയായി.

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് തീരുമാനം ആകാത്തതുകൊണ്ട് പോസ്റ്റർ, ചുവരെഴുത്ത് പ്രചാരണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തിലുള്ള പ്രചാരണപ്രവർത്തനങ്ങൾ യുഡിഎഫ് തുടങ്ങിയിട്ടില്ല. എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള അനൗൺസ്മെന്‍റ് വാഹനങ്ങൾ മണ്ഡലത്തിൽ തലങ്ങും വിലങ്ങും ഓടുമ്പോൾ യുഡിഎഫ് ക്യാമ്പ് പൊതുവെ നിശ്ചലമാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലേക്ക് പ്രവർത്തകർ എത്തുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം തുടങ്ങുതെങ്ങനെ എന്ന പ്രതിസന്ധിയിലാണ് യുഡിഎഫ് സംവിധാനം. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോൾ കുറച്ചുകൂടി കാത്തിരിക്കാനാണ് വയനാട് ഡിസിസിക്ക് എഐസിസി  നൽകിയിരിക്കുന്ന നിർദ്ദേശം.

പി പി സുനീറിന്‍റെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ നിന്ന്

എ, ഐ ഗ്രൂപ്പുകളുടെ ഗ്രൂപ്പ് പോരിൽ തൃശങ്കുവിലായ വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പലവട്ടം വഴിമുട്ടിയതാണ്. സ്ക്രീനിംഗ് കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് സമിതിയിലും എഐസിസിയിലും വയനാട് സീറ്റിലെ സ്ഥാനാർത്ഥിനിർണ്ണയം കീറാമുട്ടിയായി. ഒടുവിൽ ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തർക്കങ്ങൾ ഒരുവിധം ഒത്തുതീ‍ർപ്പാക്കി. എന്നാൽ ഇതിനിടയിലാണ് വയനാട്ടിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തുന്ന കാര്യം എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പ്രഖ്യാപിക്കുന്നത്. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയുമെല്ലാം രാഹുലിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ടി സിദ്ദിഖിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മുക്കത്തേക്ക് പുറപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കൺവെൻഷനിൽ പങ്കെടുക്കാതെ പാതിവഴിയിൽ തിരിച്ചുപോന്നു. സ്വന്തം പ്രചാരണപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ടി സിദ്ദിഖ് രാഹുൽ ഗാന്ധിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.

എന്നാൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് രാഹുൽ ഗാന്ധി മുതിർന്ന എഐസിസി നേതാക്കളെ അറിയിച്ചിരിക്കുന്നത്. കെപിസിസി നേതാക്കൾ രാഹുൽ കേരളത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ചിട്ട് നാല് ദിവസം പിന്നിടുന്നു. നാല് ദിവസമായി യുഡിഎഫ് പ്രചാരണ സംവിധാനം വയനാട്ടിൽ നിശ്ചലമാണ്. ലീഗും കോൺഗ്രസും ഒരു മനസായി ഒന്നിച്ച് നിൽക്കുന്നുണ്ടെങ്കിലും ബത്തേരി മുനിസിപ്പാലിറ്റിയിൽ എൽഡിഎഫുമായി ചേർന്ന് അധികാരം പങ്കിടുന്നതുകൊണ്ട് കേരള കോൺഗ്രസ് യുഡിഎഫിൽ സജീവമല്ല. യു‍ഡിഎഫ് സ്ഥാനാർത്ഥിയാരാകും എന്ന പ്രവചനങ്ങളും അഭ്യൂഹങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ നിറയുമ്പോൾ ഓൺലൈൻ പ്രചാരണത്തിലും ഇടത് സ്ഥാനാർത്ഥി പി പി സുനീർ നിലവിൽ മുന്നിലാണ്. സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെ ലൈവുകളും ലൈവ് അപ്ഡേറ്റുകളുമായി ഇടതിന്‍റെ സോഷ്യൽ മീഡിയ ടീമും കളം നിറയുകയാണ്.

യുഡിഎഫ് പ്രചാരണത്തിൽ നിന്ന്

സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമാകാത്തത് പ്രവർത്തകർക്ക് നേരിയ നിരാശയുണ്ടാക്കിയിട്ടുണ്ടെന്ന് ടി സിദ്ദിഖും തുറന്ന് സമ്മതിക്കുന്നു. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുമെന്ന് ഇപ്പോഴും പൂർണ്ണപ്രതീക്ഷയുണ്ടെന്ന് ടി സിദ്ദിഖ് പറയുന്നു. രാഹുലിന്‍റെ മത്സരത്തിനായി ഇപ്പോൾ ഐക്യ ജനാധിപത്യമുന്നണി കളമൊരുക്കുകയാണ്. അൽപ്പം താമസിച്ച് തുടങ്ങിയാലും സ്വിച്ചിട്ടാൽ ഉണർന്ന് പ്രവ‍ർത്തിക്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെ സംവിധാനം എൽഡിഎഫ് പ്രചാരണത്തിൽ ഉണ്ടാക്കിയ മേൽക്കൈ പിന്നിട്ട് മുന്നുലെത്തുമെന്ന് ടി സിദ്ദിഖ് ഉറപ്പുപറയുന്നു.

'രാഹുൽ ഗാന്ധി വരുമെന്ന് ഉറപ്പാണ്': ടി സിദ്ദിഖിന്‍റെ പ്രതികരണം

ഇതിനിടെ രാഹുൽ ഗാന്ധി തെക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്നുകൂടി മത്സരിക്കും എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൽ ധാരണയായി എന്നാണ് ഒരു മുതിർന്ന എഐസിസി നേതാവ് അനൗദ്യോഗികമായി നൽകുന്ന വിവരം. വയനാടോ കർണ്ണാടകയിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലമോ ആകും രാഹുൽ തെരഞ്ഞെടുക്കുയെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴും രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകാൻ അമ്പത് ശതമാനം സാധ്യതയാണ് തെളിയുന്നത്. എങ്കിലും താൻ വീണ്ടും വയനാട് മത്സരിക്കാനിറങ്ങുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും രാഹുൽ ഗാന്ധി വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ടി സിദ്ദിഖ് പ്രത്യാശ പ്രകടിപ്പിക്കുന്നു.

click me!