മലപ്പുറത്തെയും പൊന്നാനിയിലെയും വലിയ തോല്‍വിക്ക് കാരണം ലീഗ്-എസ്ഡിപിഐ വോട്ടുകച്ചവടമെന്ന് സിപിഎം

By Web TeamFirst Published May 24, 2019, 3:57 PM IST
Highlights

ഇടത് എംഎൽഎമാരുള്ള പൊന്നാനി, തവനൂര്‍, താനൂര്‍, നിലമ്പൂര്‍ നിയമഭാ മണ്ഡലങ്ങളിലെ വലിയ വോട്ടുചോര്‍ച്ച പ്രത്യേകമായി പരിശോധിക്കാനും സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എസ് ഡി പി ഐ വോട്ടുകള്‍ മുസ്ലീം ലീഗിന് മറിച്ചെന്ന ആരോപണവുമായി സിപിഎം. ഇരു മണ്ഡലങ്ങളിലും എസ്ഡിപിഐ  പേരിന് മാത്രമായി സ്ഥാനാർത്ഥികളെ നിർത്തി ലീഗുമായി വോട്ടുകച്ചവടം നടത്തിയെന്നും ഇതുകൊണ്ടാണ് രണ്ടിടത്തും എൽഡിഎഫ് വലിയ തോൽവി നേരിട്ടതെന്നും സിപിഎം ആരോപിച്ചു.

കൊണ്ടോട്ടിയില്‍ നടത്തിയ രഹസ്യ ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് എസ്ഡിപിഐ വോട്ടുകള്‍ മുസ്ലീം ലീഗിന് മറിച്ചത്. പൊന്നാനിയിലും മലപ്പുറത്തും     എസ്ഡിപിഐ സ്ഥാനര്‍ത്ഥികള്‍ക്ക് വോട്ടുകുറഞ്ഞത് ഇതിന് തെളിവാണെന്നും സിപിഎം ആരോപിച്ചു. 

ലീഗുമായുള്ള ധാരണ പുറത്തറിയാതിരിക്കാനാണ് രണ്ടു മണ്ഡലങ്ങളിലും എസ്ഡിപിഐ പേരിനു മാത്രമായി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്. മലപ്പുറത്ത് സംസ്ഥാന പ്രസിഡന്‍റ് തന്നെ മത്സരിച്ചിട്ടും എസ്ഡിപിഐക്ക്  കഴിഞ്ഞ തെരെഞ്ഞെടുപ്പിനെക്കാള്‍ മുപ്പതിനായിരത്തോളം വോട്ടുകള്‍ കുറഞ്ഞു. പൊന്നാനിയിലും പതിനായിരം വോട്ടുകളുടെ കുറവുണ്ടായി.

ഈ വോട്ടുകച്ചവടവും വെല്‍ഫയര്‍ പാര്‍ട്ടി വോട്ടുകളുമാണ് മുസ്ലീം ലീഗിന് വൻ വിജയത്തിന് വഴിയൊരുക്കിയതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനര്‍ത്ഥിത്വവും മലപ്പുറത്ത് ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നും സിപിഎം നേതൃത്വം വിലയിരുത്തി.

ഇടതിന്  എംഎൽഎമാരുള്ള പൊന്നാനി, തവനൂര്‍, താനൂര്‍, നിലമ്പൂര്‍ നിയമഭാ മണ്ഡലങ്ങളിലെ വലിയ വോട്ടുചോര്‍ച്ച പ്രത്യേകമായി പരിശോധിക്കാനും സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

click me!