
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിൽ പ്രതിരോധത്തിലായ എം കെ രാഘവനെതിരെ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി എൽഡിഎഫ്. രാഘവൻ ഡയറക്ടറായ അഗ്രിൻകോ സൊസൈറ്റിയുടെ റവന്യു റിക്കവറി സംബന്ധിച്ച വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. അതേ സമയം എഫ്ഐആർ കോപ്പ് ഉൾപ്പെടെ എല്ലാം ഹാജരാക്കിയിട്ടുണ്ടെന്നാണ് എം കെ രാഘവന്‍റെ വിശദീകരണം
സ്വകാര്യ ചാനലിന്‍റെ ഒളിക്യാമറ വിവാദത്തിൽപ്പെട്ട രാഘവനെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് എൽഡിഎഫ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് പരാതി കൊടുത്തിരിക്കുന്നത്. എം കെ രാഘവൻ പ്രസിഡണ്ടായ ഇരിക്കൂർ അഗ്രിൻകോ സൊസൈറ്റിയിൽ ഡയറക്ടറർമാരോടൊപ്പം ഇരുപത്തൊൻപത് കോടി ഇരുപത്തി രണ്ട് ലക്ഷത്തി മൂപ്പത്തി രണ്ടായിരം രൂപയൂടെ കടബാധ്യതയുണ്ട്. ഇതേ തുടർന്നുണ്ടായ റവന്യു റിക്കവറി നടപടികൾക്ക് സർക്കാർ നൽകിയ സ്റ്റേ മാർച്ച് 30ന് അവസാനിച്ചു. എന്നാൽ സത്യവാങ്മൂലത്തിൽ രാഘവൻ ഇക്കാര്യം ഉൾപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് പരാതി.
എന്നാൽ സത്യവാങ്മൂലത്തിനൊപ്പം അഗ്രിൻകോയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നാണ് രാഘവന്‍റെ മറുപടി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് നൽകിയ പരാതിയിലും രാഘവൻ പൊലീസിന് നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് പരാതികളും ഏകോപിപ്പിച്ച് ഒരുമിച്ചാണ് അന്വേഷണം നടക്കുന്നത്.