ഗംഗയില്‍ വെള്ളമില്ല; വോട്ട് തേടിയുള്ള പ്രിയങ്കയുടെ 'ബോട്ട് യാത്ര' തടസ്സപ്പെട്ടേക്കും

By Web TeamFirst Published Mar 17, 2019, 1:29 PM IST
Highlights

ഗംഗാനദിയില്‍ ചിലയിടങ്ങളില്‍ വെള്ളം കുറവായത് പ്രിയങ്കയുടെ യാത്രയെ പ്രതികൂലമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ട്.

ദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ 'വോട്ട് തേടിയുള്ള ബോട്ട് യാത്ര' മുന്‍ നിശ്ചയിച്ചതുപോലെ സുഗമമാവില്ലെന്ന് റിപ്പോര്‍ട്ട്. ഗംഗാനദിയില്‍ ചിലയിടങ്ങളില്‍ വെള്ളം കുറവായത് യാത്രയെ പ്രതികൂലമായി ബാധിക്കും എന്നാണ് വിവരം.

ഗംഗാ നദിയിലൂടെ പ്രയാഗ്രാജ് മുതല്‍ മിര്‍സാപൂര്‍ വരെയുള്ള 140 കിലോമീറ്റര്‍ ദൂരം ബോട്ട് യാത്ര നടത്തി ജനങ്ങളുടെ പിന്തുണ തേടാനാണ് പ്രിയങ്ക തീരുമാനിച്ചത്. ഗംഗാതീരത്ത്  താമസക്കാരായ ഗ്രാമീണജനതയെ ഒപ്പം കൂട്ടുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഈ ജനവിഭാഗങ്ങളുടെ  വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. 

ഗംഗാതീരത്തുള്ള പ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും പ്രിയങ്ക സന്ദര്‍ശിക്കും. ഗംഗാ നദിയുടെ ശുചീകരണമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, നദിയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ രാഷ്ട്രീയ ആയുധമാക്കാമെന്ന കണക്കുകൂട്ടലും പ്രിയങ്കയ്ക്കുണ്ട്. 

നേരത്തെ നിശ്ചയിച്ചിരുന്നതാണെങ്കിലും ബോട്ട് യാത്രയ്ക്കുള്ള അനുമതി ഇന്നലെ രാത്രി വൈകി മാത്രമാണ് ലഭിച്ചത്. അനുമതി ലഭിക്കാന്‍ വൈകുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ആ തടസ്സം നീങ്ങിയെങ്കിലും ജലനിരപ്പ് കുറവാണെന്നത് പുതിയ പ്രതിസന്ധിയായിരിക്കുകയാണ്. ബോട്ട് യാത്ര ഇടയ്ക്ക് റോഡ് മാര്‍ഗമുള്ള യാത്രയായി മാറിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. താഴ്ന്ന ജലനിരപ്പ് മാത്രമല്ല പ്രിയങ്കയുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സൂചന. 

 
 

click me!