ഇടതുപക്ഷം തകർച്ചയിലേക്കോ? ഇടതുപാർട്ടികൾ 5 സീറ്റുകളിൽ മാത്രം, അതിൽ നാലും തമിഴ്‍നാട്ടിൽ

By Web TeamFirst Published May 23, 2019, 11:11 AM IST
Highlights

ദേശീയ തലത്തിൽ ഇടത് പാർട്ടികൾക്ക് വൻ തിരിച്ചടിയാണ്. കഴിഞ്ഞ തവണത്തെ സീറ്റ് നില പോലും ഇത്തവണ സിപിഎമ്മും സിപിഐയും നിലനിർത്താൻ സാധ്യതയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. 

ചെന്നൈ: 2019- ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികൾക്ക് വൻ തിരിച്ചടി. ദേശീയ തലത്തിൽ ആകെ അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് ഇടത് പാർട്ടികൾക്ക് ലീഡുള്ളത്. ഇതിൽ നാല് സീറ്റുകളും തമിഴ്‍നാട്ടിലാണ്. വ്യവസായശാലകളുള്ള, ഇടത് യൂണിയൻ പ്രവർത്തനം സജീവമായ വടക്കൻ തമിഴ്‍നാട്ടിലാണ് ഇടതുപക്ഷം ഇപ്പോൾ ശക്തി തെളിയിച്ചിരിക്കുന്നത്.

നോട്ട് നിരോധനത്തിന്‍റെയും ജിഎസ്‍ടിയുടെയും ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന തമിഴ്‍നാടിന്‍റെ കൊങ്ങു മേഖലയിലാണ് ഇടതുപക്ഷം നേട്ടമുണ്ടാക്കിയത്. കേരളത്തിൽ രണ്ട് സീറ്റുകളിൽ മുന്നിൽ നിൽക്കുന്നതൊഴിച്ചാൽ ഇടത് പാർട്ടികൾ ഇന്ത്യയുടെ മറ്റൊരു മേഖലയിലും സാന്നിധ്യമറിയിച്ചില്ല. തമിഴ്‍നാട്ടിൽ രണ്ട് സീറ്റുകളിൽ വീതമാണ് സിപിഎമ്മും സിപിഐയും മുന്നിൽ നിൽക്കുന്നത്. കേരളത്തിൽ ഒരു സീറ്റിൽ സിപിഎമ്മും മുന്നിൽ നിൽക്കുന്നു.

തമിഴ്‍നാട്ടിൽ ലീഡ് ചെയ്യുന്ന ഇടത് സ്ഥാനാർത്ഥികൾ ഇവരാണ്: മധുരയിലെ സിപിഎം സ്ഥാനാർത്ഥിയായ സു വെങ്കടേശ്വരൻ എഴുത്തുകാരനും സാമൂഹ്യപ്രവ‍ർത്തകനുമാണ്. സിപിഐയുടെ തൊഴിലാളി സംഘടനാ നേതാവാണ് നാഗപട്ടണം സ്ഥാനാർത്ഥിയായ എം സെൽവരാജ്, കോയമ്പത്തൂരിലെ സിപിഎം സ്ഥാനാർത്ഥി എഐടിയുസി നേതാവായ പി ആർ നടരാജനാണ്. സിപിഐ നേതാവായ കെ സുബ്ബരായൻ ടെക്സ്റ്റൈൽ മിൽ തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നയിക്കുന്ന തൊഴിലാളി നേതാക്കളിൽ പ്രമുഖനാണ്.

ശ്രദ്ധേയമാകുന്നത് സിപിഎമ്മിന്‍റെ പശ്ചിമബംഗാളിലെ വോട്ട് ചോർച്ചയാണ്. 1984-ൽ .4 ശതമാനത്തിൽ നിന്ന് 16.84 ശതമാനം വോട്ടാണ് 2014-ൽ ബിജെപി പശ്ചിമബംഗാളിൽ നേടിയത്. ആ വോട്ട് ശതമാനം ഉയർത്തുന്ന പ്രകടനമാണ് ബിജെപി പശ്ചിമബംഗാളിൽ ഇപ്പോൾ കാഴ്ച വയ്ക്കുന്നതും.

കർഷകപ്രസ്ഥാനങ്ങൾ സജീവമായ മഹാരാഷ്ട്രയിലടക്കം പലയിടങ്ങളിലും സിപിഎമ്മിന് വ്യക്തമായ സാന്നിധ്യമാകാൻ കഴിഞ്ഞില്ല. നരേന്ദ്രമോദി സർക്കാരിന്‍റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം നയിച്ചത് സിപിഎമ്മിന്‍റെ ഓൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു. എന്നിട്ടു പോലും മഹാരാഷ്ട്രയിലെ കർഷകഗ്രാമങ്ങളിൽ നിന്ന് ജയിക്കാനുള്ള വോട്ടു നേടാൻ സിപിഎമ്മിന് കഴിഞ്ഞില്ല. 

തൃപുരയിലും ഇത്തവണ സിപിഎമ്മിന് സാന്നിധ്യമറിയിക്കാനായിട്ടില്ല. രണ്ട് പതിറ്റാണ്ട് നീണ്ട സിപിഎം ഭരണത്തെ അട്ടിമറിച്ചാണ് ബിജെപിയുടെ ബിപ്ലബ് ദേബ് കുമാറിന്‍റെ സർക്കാർ കഴിഞ്ഞ തവണ ഇവിടെ അധികാരം സ്വന്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവിടെ സിപിഎം പ്രകടനം മെച്ചപ്പെട്ടില്ല. 

കേരളത്തിൽ ശബരിമല എൽഡിഎഫിന് കനത്ത തിരിച്ചടിയായെന്ന് വേണം വിലയിരുത്താൻ. എന്നാൽ ബിജെപിക്ക് വോട്ട് ചെയ്യാൻ കേരളത്തിലെ വിശ്വാസികൾ തയ്യാറായില്ല. പകരം വോട്ട് യുഡിഎഫിനാണ് ലഭിച്ചത്.

click me!