Latest Videos

തുഷാർ മത്സരിക്കുന്നതിനോട് ഒരു എതിർപ്പുമില്ല; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ

By Web TeamFirst Published Mar 22, 2019, 10:20 AM IST
Highlights

'ശക്തമായ സംഘടനാ സംവിധാനത്തിൽ പ്രവർത്തിച്ച പരിചയം തുഷാറിനുണ്ട്. എസ്‍എൻഡിപി യോഗം ഭാരവാഹിത്വം രാജി വയ്ക്കണോ എന്ന് ഇപ്പോൾ പറയുന്നില്ല' - വെള്ളാപ്പള്ളി. 

കണിച്ചുകുളങ്ങര: ബിഡിജെഎസ്സിന് കിട്ടിയ തൃശ്ശൂർ സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ നിലപാടുകളിൽ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി. തുഷാർ മത്സരിക്കുന്നതിന് ശക്തമായി എതി‍ർത്ത വെള്ളാപ്പള്ളി ഇപ്പോൾ തുഷാർ പരിചയസമ്പന്നനായ സംഘാടകനാണെന്നും മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നുമാണ് പറയുന്നത്. ശക്തമായ സംഘടനാ സംസ്കാരത്തിൽ വളർന്നയാളാണ് തുഷാറെന്നും വെള്ളാപ്പള്ളി പറയുന്നു.

എസ്‍എൻഡിപി യോഗത്തിൽ നിന്നുകൊണ്ട് മത്സരിക്കാനാകില്ലെന്ന് പറഞ്ഞ നിലപാടും ഒറ്റയടിക്ക് വെള്ളാപ്പള്ളി തിരുത്തുന്നു. തുഷാർ എസ്‍എൻഡിപി യോഗത്തിലെ ഭാരവാഹിത്വം രാജിവയ്ക്കണ്ടി വരുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. തുഷാറുമായി സഹകരിച്ച് തന്നെ മുന്നോട്ടു പോകും. 

എല്ലാവരോടും ശരിദൂരമെന്ന തന്‍റെ മുൻ നിലപാട് തന്നെയാണ് തുഷാറിനോടും എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എസ്‍എൻ‍ഡിപിക്ക് ഒരു പാർട്ടിയോടും സ്നേഹമോ വിദ്വേഷമോ ഇല്ലെന്നും വെള്ളാപ്പള്ളി പറയുന്നു. 

എസ്എൻഡിപിയോഗം ഭാരവാഹിയായിരിക്കെ മത്സരിക്കരുതെന്ന് തുഷാറിനോട് ആവശ്യപ്പെട്ടതായി നേരത്തേ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. മത്സരിക്കുന്നെങ്കിൽ എസ്എൻഡിപി പദവി രാജിവെക്കണം. എസ്എൻഡിപിക്ക് നാണക്കെടുണ്ടാകുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. 

ഇടതിനൊപ്പം നിൽക്കുന്ന അച്ഛനും, ബിജെപിക്കൊപ്പം നിൽക്കുന്ന മകനും - ബിഡിജെഎസ്സിന്‍റെയും എസ്‍എൻഡിപിയുടെയും അണികൾ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. തൃശ്ശൂരിൽ മത്സരിച്ചാൽ തുഷാർ തോറ്റുപോകുമെന്നാണ് വെള്ളാപ്പള്ളി പറയാതെ പറഞ്ഞത്. അന്നത്തെ ആ ഉറച്ച നിലപാടിൽ നിന്നൊക്കെ മറുകണ്ടം ചാടിയിരിക്കുകയാണ് വെള്ളാപ്പള്ളി ഇപ്പോൾ. 

കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പ് കാലത്ത് മോദിക്കൊപ്പം ഹെലി‍കോപ്റ്ററിൽ പറന്ന വെള്ളാപ്പള്ളി പിന്നീടങ്ങോട്ട് ഇടത് പക്ഷത്തിനൊപ്പം പോവുകയായിരുന്നു. ശബരിമല സമരകാലത്ത് പിണറായിക്കൊപ്പം ഉറച്ചു നിന്ന വെള്ളാപ്പള്ളി വനിതാ മതിലിന്‍റെ സംഘാടകസമിതി ചെയർമാനുമായി. അപ്പോഴൊക്കെയും തുഷാർ എൻഡിഎയ്ക്ക് ഒപ്പം ഉറച്ചു നിൽക്കുകയുമായിരുന്നു. 

കഴിഞ്ഞയാഴ്ച പോലും വെള്ളാപ്പള്ളി പറഞ്ഞതിങ്ങനെയാണ്:

തുഷാർ മൽസരിക്കുകയാണെങ്കിൽ എസ്എൻഡിപി ഭാരവാഹിത്വം രാജിവെക്കുമോ?
"തുഷാർ അച്ചടക്കമുള്ള പ്രവർത്തകനാണെന്നാണ് എന്‍റെ വിശ്വാസം."

തുഷാർ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ എസ്എൻഡിപി പിന്തുണ കൊടുക്കുമോ?
"എസ്എൻഡിപിക്ക് എല്ലാവരോടും ശരിദൂരമാണ്.

ഇനി തുഷാർ മത്സരിച്ചാൽ നിലപാട് മാറ്റുമോ?
"ഇല്ല, ശരിദൂരത്തിൽ തന്നെ പോകും"

തുഷാറിനെ ജയിപ്പിക്കണം എന്ന് പറയില്ല അല്ലേ?
"സംഘടനയുടേതായി പറയേണ്ട ബാധ്യത എനിക്കില്ല, സംഘടനയ്ക്കകത്ത് എല്ലാവരുമുണ്ട്. സംഘടനയ്ക്ക് അകത്തുനിന്നുകൊണ്ട് അവരവരുടെ രാഷ്ട്രീയ അഭിപ്രായമനുസരിച്ച് പ്രവർത്തിക്കുന്നതിനൊന്നും ഞങ്ങളാരും എതിരല്ല. അത് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്."

തുഷാറിന് ജയസാധ്യതയുണ്ടോ?
"എല്ലാവരും നിൽക്കുന്നത് ജയിക്കാൻ വേണ്ടിയാണ്. എണ്ണിക്കഴിയുമ്പോൾ എല്ലാവരും അങ്ങനെ തോറ്റു, ഇങ്ങനെ തോറ്റു, ഇങ്ങനെ ജയിച്ചു എന്നെല്ലാം പറഞ്ഞ് ന്യായീകരിക്കും. ആര് ജയിക്കുമെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം."

തുഷാർ ജയിക്കില്ല എന്നാണോ?
ഉത്തരം: "ഞാനൊന്നും പറഞ്ഞില്ലല്ലോ അതിനെപ്പറ്റി. അതൊക്കെ എന്‍റെ വായിൽ നിന്ന് പറയിപ്പിച്ചിട്ട് മൊട്ടയടിക്കാൻ എന്‍റെ തലയിലിനി രോമമില്ല" (ആലപ്പുഴയിൽ എ എം ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.)

click me!