ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നു മുതല്‍

By Web TeamFirst Published Mar 28, 2019, 6:03 AM IST
Highlights

ഇഞ്ചോടിഞ്ച് പോരിലാണ് മുന്നണികൾ. ശബരിമല, കൊലപാതക രാഷ്ട്രീയം, ഭരണനേട്ടങ്ങൾ, കോലിബീ - മാബി - കോമ സഖ്യങ്ങൾ, ഒടുവിലിപ്പോൾ പ്രചാരണത്തിലെ പ്രധാന ചർച്ച രാഹുലിന്‍റെ വരവാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും. കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 25 ദിവസം മാത്രം ബാക്കിയുള്ളത്. പ്രചാരണത്തിൽ മുന്നണികൾ സജീവമായി മുന്നോട്ടുപോകുമ്പോഴും  വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന അനിശ്ചിതത്വം തുടരുന്നതിന്‍റെ  ആശങ്കയിലാണ് യുഡിഎഫ് ക്യാംമ്പ്.  

പ്രചാരണം മുറുകുന്നതിനിടെയാണ് പത്രികാ സമർപ്പണം തുടങ്ങുന്നത്. അടുത്ത മാസം നാല് വരെ പത്രിക നൽകാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ എട്ട്. നിർണ്ണായക വോട്ടെടുപ്പ് 23 ന്. 

ഇഞ്ചോടിഞ്ച് പോരിലാണ് മുന്നണികൾ. ശബരിമല, കൊലപാതക രാഷ്ട്രീയം, ഭരണനേട്ടങ്ങൾ, കോലിബീ - മാബി - കോമ സഖ്യങ്ങൾ, ഒടുവിലിപ്പോൾ പ്രചാരണത്തിലെ പ്രധാന ചർച്ച രാഹുലിൻറെ വരവാണ്. പാർട്ടി അധ്യക്ഷൻ വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന നേതാക്കളുടെ വാക്കിൽ ആവേശത്തിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ രാഹുൽ വരവ് ഉറപ്പിച്ച് പറയാത്തതോടെ കോൺഗ്രസ്സും യുഡിഎഫും ആശയക്കുഴപ്പത്തിലാണ്. 

വയനാട്ടിൽ ആരാണ് സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ച് പറയാനാകാത്ത അവസ്ഥയാണ് നിലവില്‍. വടകരയിൽ പി ജയരാജന്, കെ മുരളീധരൻ വെല്ലുവിളി ഉയർത്തുമ്പോഴും മുരളിയെ സ്ഥാനാർത്ഥിയായി കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ വന്നാൽ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിക്കും മാറ്റം വരാം. 

പത്രിക സ്വീകരിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രിമിനൽ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ സ്ഥാനാർത്ഥികൾ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്.

click me!