
വടകരയിൽ പി ജയരാജനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ മത്സരിക്കാനെത്തിയതോടുകൂടിയാണ് കോലീബി സഖ്യം എന്ന വാക്ക് കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടകരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയും സിപിഎം നേതാവുമായ പി ജയരാജനുമൊക്കെ കേരളത്തിൽ കോലീബി സഖ്യത്തിന് സാധ്യതയുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഇത്രയേറെ ചരിത്ര പ്രധാന്യമുള്ള കോലീബി സഖ്യത്തെക്കുറിച്ച് പലർക്കും അറിയില്ല. ചിലയാളുകൾ കോലീബി എന്ന വാക്ക് കേൾക്കുന്നത് പോലും ആദ്യമായാണ്. എന്താണ് കോലീബി സഖ്യം?
കോലീബി സഖ്യത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് കെ പി ഉണ്ണികൃഷ്ണൻ എന്ന നേതാവിലെ കുറിച്ച് അറിയണം. 1971 മുതൽ 1991 വരെ തുടർച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിയാണ് കെ പി ഉണ്ണികൃഷ്ണൻ. കോൺഗ്രസ് നേതാവായിരുന്ന കെ പി ഉണ്ണികൃഷ്ണൻ ആദ്യത്തെ രണ്ട് തവണ മാത്രമാണ് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയത്. പിന്നീടുള്ള നാല് തവണ ഇടത് മുന്നണിയുടെ പിന്തുണയോടെയും ഇടത് മുന്നണിയുടെ സഖ്യത്തിൽ ചേർന്നുമാണ് മത്സരിച്ച വിജയിച്ച് ലോക്സഭയിലെത്തിയത്.
1991ലെ പൊതു തെരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി കെ പി ഉണ്ണികൃഷ്ണൻ ആയിരുന്നു. വടകരയിൽ കെ പി ഉണ്ണികൃഷ്ണനെ തോൽപ്പിക്കുക എന്നത് കോൺഗ്രസിന് അഭിമാന പ്രശ്നമായിരുന്നു. അങ്ങനെ ബിജെപി കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ കോൺഗ്രസ് വടകരയിൽ മത്സരിപ്പിച്ചു. അഡ്വ എം രത്നസിംഗ് ആണ് വടകര ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ അവസാനം ഫലം വന്നപ്പോൾ കെ പി ഉണ്ണികൃഷ്ണൻ തന്നെ തെരഞ്ഞടുപ്പിൽ വിജയിച്ചു.
അതേസമയം, വടകര ലോക്സഭാ മണ്ഡലത്തിൽ അഡ്വ എം രത്നസിംഗിനേയും ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഡോ കെ മാധവൻകുട്ടിയും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചപ്പോൾ യുഡിഎഫ് എതിർ സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. കോൺഗ്രസ് അന്നുണ്ടാക്കിയ സഖ്യത്തെയാണ് ഇടത് മുന്നണിയും പ്രതിപക്ഷ പാർട്ടികളും കോണ്‍ഗ്രസ് – ലീഗ് – ബിജെപി അഥവാ കോലീബീ സഖ്യമെന്ന് വിളിക്കുന്നത്.