ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി: 55 ശതമാനത്തിന് മുകളിൽ പോളിംഗ്

By Web TeamFirst Published Apr 11, 2019, 7:16 PM IST
Highlights

18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഹിന്ദി മേഖലയിലെ യു.പി, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളായി 17 സീറ്റിലും മഹാരാഷ്ട്രയിലെ 7, പശ്ചിമബംഗാളിലെ 2, ഒഡീഷയിലെ 4, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25 ൽ 14 മണ്ഡലങ്ങളിലും ജനങ്ങൾ വിധിയെഴുതി

ദില്ലി: ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ 55 ശതമാനത്തിന് മുകളിൽ പോളിംഗ്. 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൈരാനയിൽ സംഘര്‍ഷം തടയാൻ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളിൽ നിരവധിപേര്‍ക്ക് പരിക്കേറ്റു.

18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഹിന്ദി മേഖലയിലെ യു.പി, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളായി 17 സീറ്റിലും മഹാരാഷ്ട്രയിലെ 7, പശ്ചിമബംഗാളിലെ 2, ഒഡീഷയിലെ 4, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25 ൽ 14 മണ്ഡലങ്ങളിലും ജനങ്ങൾ വിധിയെഴുതി. ഉത്തര്‍പ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും 55 നും 60നും ഇടയിലാണ്. 

2014ലെ അപേക്ഷിച്ച് ഇവിടങ്ങളിലൊക്കെ വോട്ട് കുറഞ്ഞു. രണ്ട് ദിവസം മുമ്പ് മാവോയിസ്റ്റ് ആക്രമണം നടന്ന ചത്തീസ്ഗഡിലെ ബസ്തറിൽ 59 ശതമാനത്തിലധികം പേര്‍ വോട്ടുചെയ്തു. ലോക്സഭക്കൊപ്പം അരുണാചലിലും ഒഡീഷയിലും നിയമസഭയിലേക്കും വോട്ടെടുപ്പ് നടന്നു. നാഗ്പൂരിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയും യു.പിയിലെ മണ്ഡലങ്ങളിൽ മന്ത്രിമാരായ വി.കെ.സിംഗ്, മഹേഷ് ശര്‍മ്മ, ആര്‍.എൽ.ഡി നേതാവ് അജിത് സിംഗ്, അരുണാചൽ വെസ്റ്റ് മണ്ഡലത്തിൽ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ജനവിധി തേടി. പടിഞ്ഞാറൻ യു.പിയിൽ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. കൈരാന മണ്ഡലത്തിൽ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു. 

ദളിത് വോട്ടര്‍മാരെ പൊലീസ് തടഞ്ഞുവെന്ന് ബി.എസ്.പി പരാതി നൽകി. പോളിംഗ് ബൂത്തുകൾക്കരികിൽ നമോ എന്ന പേരിൽ ഭക്ഷണപൊതികൾ വിതരണം ചെയ്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ബംഗാളിലും അരുണാചൽ പ്രദേശിലും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. ബി.ജെ.പി-ജെ.ഡി.യു-എൽ.ജെ.പി പാര്‍ടികളുടെ എൻ.ഡി.എ സഖ്യവും മഹാസഖ്യവും തമ്മിലാണ് ബീഹാറിലെ പോരാട്ടം. 

സിപിഎമ്മും കോണ്‍ഗ്രസും സഖ്യമില്ലാതെ മത്സരിക്കുമ്പോൾ വടക്കാൻ ബംഗാളിൽ മത്സരം ബി.ജെ.പി തൃണമൂലിനും ഇടയിലായി. കൂച്ച്ബിഹാറിലെ ഒരു ബൂത്തിൽ അക്രമികൾ വോട്ടിംഗ് യന്ത്രം തട്ടിയെടുത്തു. തൃണമൂലാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇനി ഏപ്രിൽ 18ന് 97 മണ്ഡലങ്ങളിലേക്കായി രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

click me!