സോണിയയുടെ കൈവശം 60,000 രൂപ; ഓഹരി നിക്ഷേപം 2.4 കോടി

By Web TeamFirst Published Apr 11, 2019, 6:41 PM IST
Highlights

16.59 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം ഉണ്ട്‌. 2.4 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. നികുതി രഹിത ബോണ്ടുകളിലെ നിക്ഷേപം  28,533 രൂപയാണ്.

ദില്ലി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ കൈവശമുള്ളത്‌ 60,000 രൂപയും ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത്  2.4 കോടി രൂപയുമെന്ന് വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ റായ്‌ ബറേലിയില്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ സ്വത്ത്‌ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്‌.

വ്യാഴാഴ്‌ചയാണ്‌ സോണിയ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്‌. സോണിയയുടെ കൈവശം പണമായി ഉള്ളത്‌ 60,000 രൂപയാണ്‌. 16.59 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം ഉണ്ട്‌. 2.4 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. നികുതി രഹിത ബോണ്ടുകളിലെ നിക്ഷേപം  28,533 രൂപയാണ്.

ദേശീയ സമ്പാദ്യ പദ്ധതി, ഇന്‍ഷുറന്‍സ്‌ പോളിസികള്‍ എന്നിവ ഉള്‍പ്പെടെ 72.25 ലക്ഷത്തിന്റെ പോസ്‌റ്റല്‍ സേവിങ്‌സ്‌ ഉണ്ട്‌. കൂടാതെ ദില്ലിയിലെ ദേരാമണ്ഡി ഗ്രാമത്തില്‍ 7.29 കോടി വില വരുന്ന കൃഷിഭൂമിയും ഇറ്റലിയില്‍ 7.52 കോടി മൂല്യമുള്ള പൈതൃക സ്വത്തിലും സോണിയ ഗാന്ധിക്ക് അവകാശമുണ്ട്‌.

88 കിലോ വെള്ളി ഉള്‍പ്പെടെ 59.97 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ സോണിയയ്‌ക്കുണ്ട്‌. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈയ്യില്‍ നിന്നും വായ്‌പയായി 5 ലക്ഷം രൂപ സോണിയ വാങ്ങിയതായും സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നു.

click me!