ഉമ്മന്‍ചാണ്ടി മത്സരിക്കില്ല; കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക അൽപസമയത്തിനകം

By Web TeamFirst Published Mar 16, 2019, 3:12 PM IST
Highlights

ഉമ്മൻചാണ്ടിയടക്കം മുതിര്‍ന്ന നേതാക്കൾ സ്ഥാനാര്‍ത്ഥി പട്ടികയിലില്ല. വടകരയിൽ വിദ്യാബാലകൃഷ്ണനും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിയും പട്ടികയിൽ. അവസാന നിമിഷം വരെ ഗ്രൂപ്പ് തര്‍ക്കം നിലനിൽക്കുന്ന വയനാടാണ് തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിലെ കീറാമുട്ടി.

ദില്ലി: ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കൾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലാണ് കേന്ദ്രീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കെ സി വേണുഗോപാലിന് ദില്ലിയില്‍ തിരക്കുകളുണ്ട്. ഉമ്മൻ ചാണ്ടി മൽസരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാല്‍ മൽസരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചെന്നാണ് വിശദീകരണം.മിടുക്കൻമാരും ചുണക്കുട്ടികളും കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉണ്ടാകുമെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു.

തെര‌ഞ്ഞെടപ്പ് സമിതി ചേരുന്നതിന് തൊട്ട് മുൻപാണ് പ്രമുഖര്‍ മത്സരിക്കാനില്ലെന്ന നിര്‍ണ്ണായക വിവരം രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മാധ്യമങ്ങളോട് പങ്കുവച്ചത്. തുടക്കം മുതലെ മത്സരിക്കാനില്ലെന്ന നിലപാടാണ് ഉമ്മൻചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കൾ എടുത്തിരുന്നത്. 

അവസാനം നിമിഷം വരെയും വലിയ സമ്മര്‍ദ്ദമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉമ്മൻചാണ്ടിക്ക്  ഉണ്ടായത്. ഉമ്മൻചാണ്ടി മത്സരിച്ചാൽ അത് യുഡിഎഫിന്‍റെ വിജയത്തിന് മുതൽക്കൂട്ടാകും എന്ന് തുടക്കം മുതൽ വിലയിരുത്തലും ഉണ്ടായിരുന്നു. മത്സരിക്കുന്ന സാഹചര്യം ഉണ്ടായാൽ പത്തനംതിട്ട മണ്ഡലമാണ് ഉമ്മൻചാണ്ടിക്ക് വേണ്ടി പരിഗണിച്ചിരുന്നത്. 

അതേസമയം വയനാട് ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച്  രൂക്ഷമായ അഭിപ്രായ ഭിന്നതയാണ്  തെര‍ഞ്ഞെടുപ്പ് സമിതി ചേരുന്നതിന് തൊട്ട് മുൻപ് വരെ നിലനിൽക്കുന്നത്. ഷാനിമോൾ ഉസ്മാനും ടി സിദ്ദിക്കും അടക്കം മൂന്ന് പേരാണ് പട്ടികയിൽ ഉള്ളത്. വയനാട് ടി സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ശക്തമായ നിലപാടിലാണ് ഉമ്മൻചാണ്ടി. വടകരയിൽ ഏറ്റവും ഒടുവിൽ വിദ്യാ ബാലകൃഷ്ണന്‍റെ പേരാണ് പരിഗണിക്കുന്നത്. ആറരയ്ക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Read More: ഗ്രൂപ്പ് തര്‍ക്കത്തിൽ ഉടക്കി കോൺഗ്രസ് പട്ടിക; ഉമ്മൻചാണ്ടിക്ക് അതൃപ്തി, ദില്ലിക്ക് വിളിപ്പിച്ചു

click me!