ജോയ്‌സ് ജോര്‍ജ്ജിന്റെ പേരിൽ ഒൻപത് ക്രിമിനൽ കേസുകൾ; കൈയ്യിലുളളത് ഏഴായിരം രൂപ മാത്രം

By Web TeamFirst Published Mar 29, 2019, 12:16 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മത്സരിക്കുന്ന ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ് ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഇടുക്കി: തന്റെ പേരിൽ ദേവികുളം പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലുമായി ഒൻപത് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ജോയ്‌സ് ജോര്‍ജ്ജ് എംപി. ഇടുക്കി ലോക്സഭാ സീറ്റിൽ മത്സരിക്കാൻ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഒരു കേസുകളിൽ പോലും ഇദ്ദേഹം ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

ഭൂമി തട്ടിയെടുക്കാൻ വേണ്ടി ഗൂഢാലോചന നടത്തി വ്യാജരേഖയുണ്ടാക്കി ചതിച്ചുവെന്നാണ് ദേവികുളത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളിൽ ആരോപണം. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗാഡ്‌ഗിൽ-കസ്‌തൂരിരംഗൻ കമ്മിറ്റി റിപ്പോ‍ര്‍ട്ടുകള്‍ തള്ളിക്കളയണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ സമരത്തിന്റെ പേരിലുളളതാണ് ശേഷിച്ച കേസ്.

എന്നാൽ ആദ്യത്തെ എട്ട് കേസുകളിൽ അന്വേഷണ സംഘം ജോയ്സ് ജോര്‍ജ്ജിന് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. തൊടുപുഴയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസന്വേഷണം അവസാനിപ്പിക്കാൻ ഈ എട്ട് കേസുകളിലെയും അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത നിയമവിരുദ്ധമായി സമരം ചെയ്ത സംഭവത്തിൽ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയിൽ എത്തിയിട്ടില്ല. 

തന്റെ കൈവശം 7000 രൂപയും ഭാര്യ അനുപ മാത്യുവിന്റെ കൈവശം 5000 രൂപയും ഉണ്ടെന്നാണ് പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 15.86 ലക്ഷം രൂപയ്ക്ക് 2014 ൽ വാങ്ങിയ ടൊയോറ്റ ഇന്നോവ കാര്‍, 1.68 ലക്ഷം മൂല്യം വരുന്ന ഏഴ് പവൻ സ്വര്‍ണ്ണം എന്നിവയാണ് ജോയ്സിന് സ്വന്തമായുളളത്.  107 പവൻ സ്വര്‍ണ്ണം ഭാര്യ അനുപയുടെ പേരിലുണ്ട്.

കൊട്ടക്കാമ്പൂരിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 3.97 ഏക്കര്‍ ഭൂമി ജോയ്സിന്റെ പേരിലും മൂന്ന് ലക്ഷം വിലമതിക്കുന്ന മൂന്ന് ഏക്കര്‍ ഭൂമി ഭാര്യയുടെ പേരിലും ഉണ്ട്. പുളിയാന്മലയിൽ 30 ലക്ഷം വിലമതിക്കുന്ന നാല് ഏക്കര്‍ ഭൂമിയിൽ അനുപയ്ക്ക് കൂട്ടുടമസ്ഥാവകാശമാണ് ഉളളത്. എറണാകുളം നഗരത്തിൽ മാമംഗലത്തുളള വീട് ഇരുവരുടെയും പേരിലാണ്. പുളിയാന്മലയിലുളള വീട്  അനുപയുടെ മാത്രം പേരിലാണ്.

ജോയ്സിന് 21.69 ലക്ഷം രൂപയുടെയും അനുപയ്ക്ക് 10.28 ലക്ഷത്തിന്റെയും ബാധ്യതയാണ് ഉളളത്. നടപ്പു സാമ്പത്തിക വര്‍ഷത്തിൽ ജോയ്സ് ജോര്‍ജ്ജിന് അഭിഭാഷക ജോലിയിൽ നിന്നും കൃഷിയിലൂടെയും 3,95,030 രൂപയുടെ വരുമാനമുണ്ട്. അതേസമയം അദ്ധ്യാപികയായ ഭാര്യയ്ക്ക് 6,87,640 രൂപയാണ് വരുമാനം.

ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോയ്സ് ജോര്‍ജ്ജിന് ഇക്കുറിയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുണ്ട്. കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസാണ്. 

 

 

click me!