വിധിയെഴുതി കേരളം, മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിംഗ്; മുന്നണികള്‍ക്ക് പ്രതീക്ഷ

By Web TeamFirst Published Apr 24, 2019, 6:05 AM IST
Highlights

രാത്രി വൈകി വോട്ടിംഗ് അവസാനിച്ച ബൂത്തുകളിലെ കണക്കുകൾ കൂടി ക്രോഡീകരിച്ചു മാത്രമേ അവസാന ശതമാനം പുറത്തു വരികയുള്ളൂ. ഇതുകൂടി ചേർക്കുമ്പോള്‍ ശതമാനം ഇനിയും ഉയരും

തിരുവനന്തപുരം: ആവേശം ആകാശം കണ്ട പ്രചാരണങ്ങള്‍ക്ക് ശേഷം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതി. മുന്നണികളുടെ പ്രചാരണത്തിന് ശേഷം  സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. രാത്രി വൈകി വോട്ടിംഗ് അവസാനിച്ച ബൂത്തുകളിലെ കണക്കുകൾ കൂടി ക്രോഡീകരിച്ചു മാത്രമേ അവസാന ശതമാനം പുറത്തു വരികയുള്ളൂ. നിലവിലെ കണക്കുകള്‍ പ്രകാരം 30 വര്‍ഷത്തിനിടയിലെ ഏറ്റവം ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

ഇതുകൂടി ചേർക്കുമ്പോള്‍ ശതമാനം ഇനിയും ഉയരും. അതേസമയം, ശക്തമായ ത്രികോണപ്പോരാട്ടം കണ്ട മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു. തിരുവനന്തപുരത്ത് 2014ലെ 68.69ൽ നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയിൽ 66.02ൽനിന്ന് 74.04 ആയും തൃശ്ശൂരിൽ 72.17ൽ നിന്ന് 77.49 ആയും ഉയർന്നു.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. നിലവിൽഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് തിരുവനന്തപുരത്തുമാണ്.

click me!