Latest Videos

അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകും; സൂചന നല്‍കി മായാവതി

By Web TeamFirst Published May 6, 2019, 11:00 PM IST
Highlights

എല്ലാം ശരിയായി വന്നാല്‍ യുപിയിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നും മത്സരിക്കുമെന്ന സൂചനയാണ് മായാവതി നല്‍കിയത്.

ദില്ലി: അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്‍കി ബിഎസ്പി നേതാവ് മായാവതി. പാര്‍ട്ടി റാലിയില്‍ സംസാരിക്കവേ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വഴി ഉത്തര്‍പ്രദേശിലൂടെയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ദേശീയ രാഷ്ട്രീയത്തിലേക്ക് വീണ്ടും ഇറങ്ങാനുമുള്ള സാധ്യതയുണ്ടെന്നും മായാവതി സൂചിപ്പിച്ചു. 

എല്ലാം ശരിയായി വന്നാല്‍ യുപിയിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നും മത്സരിക്കുമെന്ന സൂചനയാണ് മായാവതി നല്‍കിയത്. മായാവതി നേരത്തെ നാല് പ്രാവശ്യം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ ഇവര്‍ പാര്‍ലമെന്‍റിലേക്ക് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് അംബേദ്ക്കര്‍ നഗര്‍. 

കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കവേയും മായാവതി പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. താന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ പാര്‍ട്ടി അംഗങ്ങള്‍ വിഷമിക്കരുത്.1995 ല്‍ യുപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഞാന്‍ എംഎല്‍ എ ആയിരുന്നില്ല. പ്രധാനമന്ത്രിയോ മന്ത്രിയോ ആയി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആറു മാസത്തിനുള്ളില്‍ പാര്‍ലമെന്‍റ് മെമ്പറായാല്‍ മതിയെന്നും അന്ന് മായവതി വ്യക്തമാക്കിയിരുന്നു. 

നേരത്തെ ഉത്തര്‍ പ്രദേശിലെ ബിഎസ്പിയുടെ സഖ്യകക്ഷിയായ എസ് പി നേതാവ് അഖിലേഷ് യാദവും സമാനമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നത് പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിന്നാവുമെന്ന് അഖിലേഷ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. സൂചനകളിലൂടെ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്കുള്ള സാധ്യത സജീവമായി നിലനിര്‍ത്തുകയാണ് മായാവതി. 

click me!