സ്വരാജിന്‍റെ ഫലിതം കോൺഗ്രസ് വക്താവിന് ദഹിച്ചില്ല; ന്യൂസ് അവർ ചർച്ചയ്ക്കിടെ തർക്കം

By Web TeamFirst Published Mar 14, 2019, 10:39 PM IST
Highlights

'ഒടുവിൽ ബിജെപിയിലേക്ക് പോകുന്ന ആൾ കോൺഗ്രസ് ഓഫീസ് പൂട്ടി താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണം' എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നായിരുന്നു എം സ്വരാജിന്‍റെ പരാമർശം. കള്ളം പറയരുതെന്ന് ഷമാ മുഹമ്മദ്.

തിരുവനന്തപുരം: ടോം വടക്കന്‍റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചക്കിടെ എംഎൽഎ എം സ്വരാജ് പറഞ്ഞ ഫലിതം എഐസിസി വക്താവ് ഡോ ഷമ മുഹമ്മദിന് രസിച്ചില്ല. കള്ളം പറയാൻ താൻ അനുവദിക്കില്ല എന്നുപറഞ്ഞ് ഷമ മുഹമ്മദ് ഇടപെട്ടു. സ്വരാജ് ഫലിതം പറഞ്ഞതാണെന്ന് പറഞ്ഞ് അവതാരകൻ ഇടപെട്ടെങ്കിലും കള്ളം പറയാൻ അനുവദിക്കില്ല എന്നാവർത്തിച്ചതോടെയാണ് ഇരുവരും തമ്മിൽ തർക്കമായത്.

ടോം വടക്കൻ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഷമ മുഹമ്മദിന്‍റെ വിശദീകരണം. മുപ്പതുവർഷം ചേർന്നുനിന്ന പ്രത്യയശാസ്ത്രത്തെ വ്യക്തിപരമായ ലാഭത്തിനുവേണ്ടിയാണ് ടോം വടക്കൻ തള്ളിപ്പറഞ്ഞതെന്നും അവർ പറഞ്ഞു. എന്നാൽ ഏതു നിമിഷവും കോൺഗ്രസുകാർക്ക് ചേരാവുന്ന പാർട്ടിയാണ് ബിജെപിയെന്നായിരുന്നു സ്വരാജിന്‍റെ മറുപടി. ഇരു പാർട്ടികളും തമ്മിൽ പ്രത്യയശാസ്ത്രപരമായി യാതൊരു വ്യത്യാസവും ഇല്ലെന്നും സ്വരാജ് പറ‌ഞ്ഞു. സാമ്പത്തിക പരിഷ്കരണ നയം, കാർഷിക നയം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണ്ണയാധികാരം സ്വകാര്യമേഖലയ്ക്ക് നൽകൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ഇവയിലൊന്നും കോൺഗ്രസിന്‍റേയും ബിജെപിയുടേയും പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും സ്വരാജ് പറഞ്ഞു.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും പേരുകളും എം സ്വരാജ് ചർച്ചക്കിടെ പരാമർശിച്ചു. ഫെബ്രുവരി വരെ എൺപത് കോൺഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയതെന്നും വടക്കനോടൊപ്പം ഇന്ന് പോണ്ടിച്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കമാലിനിയും കർണ്ണാടകയിലെ ബിജെപി നേതാവ് എ മഞ്ജുവും ബിജെപിയിലെത്തിയെന്ന് സ്വരാജ് പറഞ്ഞു.  

മൂന്ന് തവണ യുപി മുഖ്യമന്ത്രിയും ഒരു തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ആയ എൻഡി തിവാരി, മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ, യുപി മുഖ്യമന്ത്രി ആയിരുന്ന ജഗദംബിക പാൽ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്ന വിജയ് ബഹുഗുണ, മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന നാരായൺ റാണ,  അരുണാചൽ മുഖ്യമന്ത്രി പ്രേമ ഖണ്ഡു എന്നിങ്ങനെ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ നിരവധി പ്രമുഖരുടെ പേരുകൾ എം സ്വരാജ് എണ്ണിപ്പറഞ്ഞു. വീരേന്ദ്ര സിംഗ്, റീത്ത ബഹുഗുണ, നജ്മ ഹെപ്തുള്ള എന്നിങ്ങനെ തലയെടുപ്പുള്ള നിരവധി കോൺഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയതെന്ന് എം സ്വരാജ് തുടർന്നു. ഇതോടെ ഷമ മുഹമ്മദ് ചർച്ചയിൽ ഇടപെട്ടു.

'ഒടുവിൽ ബിജെപിയിലേക്ക് പോകുന്ന ആൾ കോൺഗ്രസ് ഓഫീസ് പൂട്ടി താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണം' എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർക്ക് പോലും അത് പങ്കിടേണ്ടി വരുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞു. കള്ളം പറയരുതെന്നും ഒരു കോൺഗ്രസ് നേതാവും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമുള്ള വാദവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ് ചർച്ചയിൽ ആവർത്തിച്ച് ഇടപെട്ടു. ഇപ്പോൾ പ്രചരിക്കുന്ന ഒരു ഫലിതമാണ് താൻ പറഞ്ഞതെന്ന് സ്വരാജ് വിശദീകരിച്ചു. ഫലിതമാണെന്ന് ചർച്ച നിയന്ത്രിച്ചുകൊണ്ടിരുന്ന അവതാരകൻ വിനു വി ജോണും ഇടപെട്ട് പറഞ്ഞെങ്കിലും കള്ളം പറയാൻ അനുവദിക്കില്ല എന്നായിരുന്നു ഷമയുടെ മറുപടി. തമാശ ചർച്ചയിൽ വേണ്ട എന്നായി ഷമ മുഹമ്മദ്. തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമായത്.

വീഡിയോ കാണാം

"

click me!