'മല എലിയെ പ്രസവിച്ചതു പോലെ'; കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ട്രോളി എം വി ജയരാജന്‍

By Web TeamFirst Published Mar 17, 2019, 11:04 AM IST
Highlights

ഇടതുപക്ഷം വിജയിച്ചാൽ മാത്രമേ ജനങ്ങളെയും രാജ്യത്തെയും വിസ്മരിച്ച ബിജെപിക്കെതിരെ ശക്തമായ മതനിരപേക്ഷ ബദൽ പടുത്തുയർത്താനാവൂ. ജനങ്ങൾ തോറ്റുപോകാതിരിക്കാൻ എൽഡിഎഫ്‌ വിജയിക്കണമെന്നും എം വി ജയരാജന്‍ അഭിപ്രയപ്പെട്ടു. 
 

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കളിയാക്കി എം വി ജയരാജന്‍ രംഗത്ത്. എറണാകുളത്ത് കെ വി തോമസിന് സീറ്റ് നിഷേധിച്ച് ഹൗബി ഈഡനും കാസര്‍കോട് സ്ഥാനാര്‍ത്ഥിയായി രാജ് മോഹന്‍ ഉണ്ണിത്താനെയും തെരഞ്ഞെടുത്തതാണ് എം വി ജയരാജന്‍ പ്രധാനമായും കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കുന്നത്. 

വയനാട്, ആലപ്പുഴ പോലുള്ള കഴിഞ്ഞതവണ കോൺഗ്രസ്സ്‌ ജയിച്ച മണ്ഡലങ്ങളിൽ പോലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് പാര്‍ട്ടി 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. അത് തന്നെ 'മല എലിയെ പ്രസവിച്ചതു പോലെ'യാണെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയിലെ തര്‍ക്കം പോലും പരിഹരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിനടുത്തേക്കാണ് കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് ചെന്നതെന്നും എം വി ജയരാജാന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതുന്നു. 

ഒരാഴ്ച മുന്നേ പ്രഗത്ഭരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബഹുദൂരം മുന്നേറിയ എൽഡിഎഫിന്‍റെ വിജയം സുനിശ്ചിതമാണെന്നും എം വി ജയരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.  ഇടതുപക്ഷം വിജയിച്ചാൽ മാത്രമേ ജനങ്ങളെയും രാജ്യത്തെയും വിസ്മരിച്ച ബിജെപിക്കെതിരെ ശക്തമായ മതനിരപേക്ഷ ബദൽ പടുത്തുയർത്താനാവൂ. ജനങ്ങൾ തോറ്റുപോകാതിരിക്കാൻ എൽഡിഎഫ്‌ വിജയിക്കണമെന്നും എം വി ജയരാജന്‍ അഭിപ്രയപ്പെട്ടു. 

എം വി ജയരാജന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :   

മാരത്തോൺ ചർച്ചയ്‌ക്കൊടുവിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി നിർണ്ണയം
'മല എലിയെ പ്രസവിച്ചതുപോലെ' !!!


കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഒരു കീറാമുട്ടിയായി ഹൈക്കമാന്റിന് മുമ്പാകെ മാറി എന്നതുകൊണ്ടാണ് ഒരാഴ്ചയ്ക്ക്‌ശേഷം ഏതാനും ചില സ്ഥാനാർത്ഥികളുടെ മാത്രം പ്രഖ്യാപനമുണ്ടായത്. 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതിനകം പ്രഖ്യാപിച്ചത്. വയനാട്‌, ആലപ്പുഴ പോലുള്ള കഴിഞ്ഞതവണ കോൺഗ്രസ്സ്‌ ജയിച്ച മണ്ഡലങ്ങളിൽ പോലും സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ കോൺഗ്രസ്സിനായില്ല. പരാജയഭീതിയും കോൺഗ്രസ്സിനകത്തെ ഗ്രൂപ്പ്‌ തർക്കവുമാണ്‌ ഇവിടെ മറനീക്കി പുറത്തുവരുന്നത്‌.

സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് മാധ്യമ പ്രതിനിധികളുടെ മുമ്പാകെ പൊട്ടിത്തെറിക്കുകയുണ്ടായി. തന്നോട് അനീതി കാട്ടിയെന്നും ഒഴിവാക്കുമെന്ന സൂചനപോലും നൽകിയില്ലെന്നുമാണ് കെ വി തോമസിന്റെ പ്രതികരണം. ഹൈബി ഈഡന്‌ പിന്തുണ നൽകുമെന്ന് പറയാനാകില്ലെന്നാണ്‌ തോമസ്‌ മാഷ്‌ വ്യക്തമാക്കിയത്‌. ഭാവികാര്യങ്ങൾ കോൺഗ്രസ്സ്‌ നേതൃത്വവുമായി ആലോചിക്കുമെന്നല്ല, തന്റെ സുഹൃത്തുക്കളുമായി ആലോചിക്കുമെന്നാണ്‌ മാഷ്‌ വ്യക്തമാക്കിയത്‌.

തർക്കങ്ങളുണ്ടെന്ന് ഉമ്മൻചാണ്ടി സമ്മതിക്കുകയും ചെയ്തു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ ഉമ്മൻചാണ്ടി, ഹൈക്കമാന്റുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ നിന്ന് പലപ്പോഴും വിട്ടുനിന്നു. കാസർകോട് ഇറക്കുമതി സ്ഥാനാർത്ഥിയാണെന്ന ആക്ഷേപവും ഉയർന്നുവന്നു. ഡിസിസിയുടെ 24 ൽ 21 പേരും രേഖാമൂലം സമർപ്പിച്ച സ്ഥാനാർത്ഥിയല്ല, ഇറക്കുമതിചെയ്ത സ്ഥാനാർത്ഥിയാണ്‌ കാസർഗ്ഗോഡ്‌ വന്നത്‌ എന്നാണ്‌ ആക്ഷേപം. ഇതെല്ലാം തെളിയിക്കുന്നത്‌ കോൺഗ്രസ്സിന്റേത്‌ സ്ഥാനാർത്ഥി നിർണ്ണയ സമിതിയല്ല, സ്ഥാനാർത്ഥീ വെട്ടൽ സമിതിയാണ്‌ എന്നാണ്‌. വയനാട്ടിലാവട്ടെ ഗ്രൂപ്പ് തർക്കം രൂക്ഷമാണ്.

കെ വി തോമസിനെതിരായി എംഎൽഎമാർ തന്നെ രംഗത്തിറങ്ങിയതുകൊണ്ടാണ് ഹൈബി ഈഡന് സീറ്റ് നൽകിയത്. തമ്മിലടിച്ചുകൊണ്ടിരിക്കുന്ന ഈ കോൺഗ്രസ്സിനെയാണ് കേരള കോൺഗ്രസ്സ് (എം)ലെ തർക്കം പരിഹരിക്കാൻ പി ജെ ജോസഫ് സമീപിച്ചത്. തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കറിവേപ്പില പോലെ വലിച്ചെറിയുകയാണ് ചെയ്തത്. കേരള കോൺഗ്രസ് (എം)ലെ തർക്കം പരിഹരിക്കാൻ പോയിട്ട് സ്വന്തം പാർട്ടിയിലെ സ്ഥാനാർത്ഥിനിർണയ പ്രശ്‌നം പോലും പരിഹരിക്കാൻ കോൺഗ്രസ്സിനായില്ല.

എൽഡിഎഫ് ഒരാഴ്ച മുമ്പുതന്നെ പ്രഗത്ഭരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ബഹുദൂരം തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് മുന്നേറുകയും ചെയ്തു. എൽഡിഎഫ് വിജയം സുനിശ്ചിതമാണ്. ഇടതുപക്ഷം വിജയിച്ചാൽ മാത്രമേ ജനങ്ങളെയും രാജ്യത്തെയും വിസ്മരിച്ച ബിജെപിക്കെതിരെ ശക്തമായ മതനിരപേക്ഷ ബദൽ പടുത്തുയർത്താനാവൂ. ജനങ്ങൾ തോറ്റുപോകാതിരിക്കാൻ എൽഡിഎഫ്‌ വിജയിക്കണം.

- എം വി ജയരാജൻ

 

 

click me!