
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയനേതാക്കളുടെ ചിത്രവും മുദ്രാവാക്യവും ടാറ്റു കുത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേം ഭീ ചൗക്കീദാര്‍ ' ( ഞാനും കാവല്‍ക്കാരന്‍ ) ആണ് ഏറ്റവും പുതിയത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മോദിയുടെ ചിത്രത്തോടൊപ്പം ഈ മുദ്രാവാക്യവും കൈകളില്‍ ടാറ്റു കുത്തുന്നത്.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ ട്രെന്‍ഡിന് തുടക്കമായിരിക്കുന്നത്. ഇവിടുത്തെ ടാറ്റു കുത്തുന്ന കേന്ദ്രങ്ങളില്‍ സൗജന്യമായാണ് മോദി ടാറ്റു കുത്തുന്നത്. പ്രായഭേദമന്യേ നിരവധി പ്രവര്‍ത്തകരാണ് ടാറ്റു കുത്താന്‍ ഇവിടേക്കെത്തുന്നത്. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും.
'ചൗക്കിദാര്‍ ചോര്‍ ഹേ' അഥവാ 'കാവല്‍ക്കാരന്‍ കള്ള'നാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണതന്ത്രത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് മോദി 'മേം ഭീ ചൗക്കിദാര്‍' ക്യാമ്പയിന് തുടക്കമിട്ടത്. അഴിമതിയില്‍ നിന്നും സാമൂഹികവിരുദ്ധരില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നവര്‍ ആരായാലും അവര്‍ കാവല്‍ക്കാരാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്. ശേഷം സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കിദാര്‍ നരേന്ദ്രമോദി എന്നാക്കി മാറ്റുകയും ചെയ്തതോടെ സംഗതി വൈറലായി.
ഇപ്പോള്‍ ഏറെക്കുറെ ട്വിറ്ററിലുള്ള എല്ലാ ബിജെപി നേതാക്കളുടെ പേരിന് മുന്നിലും ഈ ചൗക്കിദാര്‍ ഉണ്ട്. ഏതാനും മാസങ്ങള്‍ക്കു ശേഷം മാഞ്ഞുപോകുന്ന താല്‍കാലിക ടാറ്റുആണ് പ്രവര്‍ത്തകര്‍ കുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം കഴിയുമ്പോഴേക്കും ഈ ടാറ്റുവെല്ലാം അപ്രത്യക്ഷമാകും.