വയനാട് സീറ്റിന് തമ്മിലടി; ഗ്രൂപ്പ് കളിക്കരുതെന്ന് സുധീരൻ, പ്രതിഷേധിച്ച് മടങ്ങി ചെന്നിത്തല

By Web TeamFirst Published Mar 18, 2019, 12:33 PM IST
Highlights

വടകരയിൽ പി ജയരാജനെതിരെ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഒരു ധാരണ ഉണ്ടാക്കാൻ പോലും കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് തര്‍ക്കം അവസാനിപ്പിക്കണമെന്ന് വിഎം സുധീരൻ, ചര്‍ച്ച മതിയാക്കി മടങ്ങാൻ ചെന്നിത്തലയുടെ തീരുമാനം. 

ദില്ലി / തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഉമ്മൻചാണ്ടി പിടിവാശി തുടരുന്നതിൽ വ്യാപക അതൃപ്തി. നാല് സീറ്റിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാൻ ബാക്കി വച്ചിരുന്നെങ്കിലും വയനാട് സീറ്റിനെ ചൊല്ലി രൂക്ഷമായ തര്‍ക്കത്തിൽ പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനിശ്ചിതമായി നീളുന്ന സാഹചര്യമാണ്. 

ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന രീതിയിലാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകളെന്ന രൂക്ഷ വിമര്‍ശനവുമായി വി എം സുധീരൻ രംഗത്തെത്തി. ഗ്രൂപ്പ് താൽപര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാൻ നേതാക്കൾ തയ്യാറാകണമെന്നാണ് വിഎം സുധീരന്‍റെ ആവശ്യം. കോൺഗ്രസിന് ഏറ്റവും അനുകൂലമായ അവസരം പാഴാക്കരുത്. താൻ മൽസരിക്കേണ്ടെന്ന് 2009ൽ തന്നെ തീരുമാനിച്ചിരുന്നു അന്ന് താൻ മൽസര രംഗത്തു നിന്ന് മാറിയതുകൊണ്ടാണ് കെ സി വേണുഗോപാൽ അടക്കമുള്ളവർക്ക്  അവസരം കിട്ടിയതെന്നും വിഎം സുധീരൻ ഓര്‍മ്മിപ്പിച്ചു. 

വയനാട് സീറ്റിൽ ഉമ്മൻചാണ്ടി കടുംപിടുത്തം തുടരുന്ന സാഹചര്യത്തിൽ ചര്‍ച്ച മതിയാക്കി മടങ്ങാനാണ് ചെന്നിത്തലയുടെ തീരുമാനം. സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാക്കാൻ ദില്ലിയിൽ തുടരുകയായിരുന്ന പ്രതിപക്ഷ നേതാവ് ഉച്ചക്ക്  ശേഷം കേരളത്തിലേക്ക് മടങ്ങും. തര്‍ക്കം തുടരുന്നതിനാൽ തീരുമാനം ഹൈക്കമാന്‍റിന് വിടാനാണ് ധാരണ. 

വയനാട് വടകര മണ്ഡലങ്ങളുടെ കാര്യത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്നത്. വയനാട്ടിൽ ടി സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മൻചാണ്ടി. എന്നാലത് ഐ ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റാണെന്ന നിലപാടിലാണ് ചെന്നിത്തല അടക്കമുള്ളവര്‍ . വടകരയിൽ പി ജയരാജനെതിരെ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഒരു ധാരണ ഉണ്ടാക്കാൻ പോലും കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. 

അതിനിടെ ആലപ്പുഴയിൽ സജീവമായി പരിഗണിച്ചിരുന്ന ഷാനിമോൾ ഉസ്മാനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാൻ നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്. 

click me!